തിരുവനന്തപുരം: കൗണ്‍സലിങ്ങിനെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ചെന്ന കേസില്‍ മനോരോഗ വിദഗ്ധന്‍ ഗിരീഷി(58)ന് ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി ആര് ജയകൃഷ്ണനാണു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും.
2017 ഓഗസ്റ്റ് 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ഗിരീഷിന്റെ മണക്കാട്ടെ വീട്ടിലെ തണല്‍ എന്ന സ്വകാര്യ ക്ലിനിക്കിലാണു കുട്ടി പീഡനത്തിനിരയായത്. കുട്ടിയും വീട്ടുകാരും അനുഭവിച്ച ബുദ്ധിമുട്ട് കാണാതിരിക്കാന്‍ പറ്റില്ലെന്നു കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
പഠനത്തിലെ ശ്രദ്ധക്കുറവ് പരിഹരിക്കാന്‍ അധ്യാപകരുടെ നിര്‍ദേശപ്രകാരമാണു കുട്ടിയെ മാതാപിതാക്കള്‍ ഗിരീഷിന്റെ ക്ലിനിക്കില്‍ കൊണ്ടുവന്നത്. കുട്ടിയെ മാത്രമാണു ഗിരീഷ് മുറിക്കുള്ളിലേക്കു വിളിച്ചത്. സംസാരത്തിനിടെ ഗിരീഷ് സെക്സിനെക്കുറിച്ച് സംസാരിക്കുകയും പല തവണ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ കുട്ടിയുടെ ശരീരത്തില്‍ സ്പര്ശിച്ചവെന്നുമായിരുന്നു പരാതി. കുട്ടി ഭയന്നപ്പോള്‍ ആരോടും പറയരുതെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ടായിരുന്നു.
Also Read: ‘ഗ്രൂപ്പിലിട്ട് തട്ടണം’; ദിലീപ് കേസില്‍ പുതിയ ശബ്ദരേഖ പുറത്ത്
വീട്ടിലേക്കു മടങ്ങവെ, ഭയന്നതുകണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറഞ്ഞത്. വീട്ടുകാര്‍ ഉടനെ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയും അവര്‍ ഫോര്‍ട്ട് പൊലീസിനെ അറിയിക്കുകയുമായിരുന്നു.
പ്രതി ഡോക്ടറായതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. പ്രതിയില്‍നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്കു നല്‍കണമെന്നു കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
സമാനമായ മറ്റൊരു കേസും ഗിരീഷിനെതിരെയുണ്ട്. ഇതില്‍ അടുത്ത മാസം വിചാരണ തുടങ്ങും.