തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാൻ മുഖ്യമന്ത്രി നേരിട്ടു ഇടപെടുന്നു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എ.കെ.ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഇന്ന് തന്നെ ചര്‍ച്ച നടക്കാനാണ് സാധ്യത. പ്രശ്നപരിഹാരത്തിനു അനുകൂലമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. നേരത്തെ ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടത്താനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ, ഇതുവരെ പ്രശ്നപരിഹാരം കാണാത്ത സാഹചര്യത്തിൽ മന്ത്രിതല ചർച്ച നടത്താനാണ് സർക്കാർ തീരുമാനം.
Read Also: തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; പെരുമാറ്റച്ചട്ടം നിലവിൽ വരും
കഴിഞ്ഞ ശനിയാഴ്ച ഉദ്യോഗാര്‍ഥികളുമായി ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ടി.കെ.ജോസും എഡിജിപി മനോജ് എബ്രഹാമും ചർച്ച നടത്തിയിരുന്നു. ചർച്ചയിലെ തീരുമാനങ്ങള്‍ ഇന്നലെയാണ് ഉത്തരവായി പുറത്തിറക്കിയത്. എന്നാല്‍ ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങളില്‍ കൃത്യമായ ഉറപ്പുകള്‍ നല്‍കാതെയാണ് ഉത്തരവിറക്കിയതെന്ന് അവകാശപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ സമരം തുടരുകയാണ്.
ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. “പിൻവാതിൽ നിയമനങ്ങൾക്കെതിരെയും റാങ്ക് ലിസ്റ്റ് നീട്ടി നൽകാത്തതിനെതിരെയും പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകണം. മുഖ്യമന്ത്രിക്ക് ഈഗോയാണ്. പിടിവാശി ഉപേക്ഷിച്ച് ഉദ്യോഗാർഥികളുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഈ ധാർഷ്ട്യവും പിടിവാശിയും ഒരു ഭരണാധികാരിക്ക് ചേരുന്നതല്ല,” ചെന്നിത്തല പറഞ്ഞു.