പിഎസ്‌‌സി റാങ്ക് പട്ടിക നീട്ടില്ലെന്ന് മുഖ്യമന്ത്രി; സെക്രട്ടേറിയറ്റിന് മുന്നില്‍ മുടിമുറിച്ച് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

വനിത സിവില്‍ പൊലീസ് ഓഫീസര്‍ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ മുടിമുറിച്ച് പ്രതിഷേധിച്ചു

psc, pinarayi vijayan, ie malayalam

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകൾ നീട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നു വർഷം കാലാവധി കഴിഞ്ഞ പട്ടികകളാണ് റദ്ദാക്കുന്നത്. ഇതില്‍ കൂടുതല്‍ റാങ്ക് ലിസ്റ്റ് നീട്ടണമെങ്കില്‍ പ്രത്യേക നിബന്ധനകളുണ്ട്. കോവിഡ് കാലമായിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല. റാങ്ക് പട്ടികയിലെ എല്ലാവരേയും എടുക്കണമെന്ന വാദം ശരിയല്ലെന്നും നിയമനം പരമാവധി പിഎസ്‌സി വഴി നടത്തുകയാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ ഗതിയില്‍ ഒരു പിഎസ്‌സി റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്. ഒരു വര്‍ഷത്തിനിടയില്‍ പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ടില്ലെങ്കില്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയോ, മൂന്നു വര്‍ഷമോ ഏതാണോ ആദ്യം അതുവരെ റാങ്ക്‌ ലിസ്റ്റിന് കാലാവധിയുണ്ടാവും. ഈ വ്യവസ്ഥ യൂണിഫോമ്ഡ് ഫോര്‍സിന് ബാധകമല്ല. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന എല്ലാ റാങ്കുലിസ്റ്റുകളും മൂന്നു വര്‍ഷത്തെ കാലാവധി കഴിഞ്ഞവയാണ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പിഎസ്‌സിക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും നിയമന ശുപാര്‍ശ നല്‍കുന്നതിനെയും ഇത് ബാധിക്കുന്നില്ല. കോവിഡ് സാഹചര്യത്തില്‍ ഒഴിവുകള്‍ ഉണ്ടാകുന്ന കാര്യത്തിലോ, ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തിലോ ഒരു തടസ്സവും ഉണ്ടായിട്ടില്ല. മാത്രവുമല്ല, ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

നിയമനനിരോധനം നിലവിലുണ്ടായിരിക്കുക, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിയമനാധികാരികള്‍ക്ക് നിയന്ത്രണമോ കാലതാമസമോ തടസ്സമോ ഉണ്ടായിരുന്ന അസാധാരണ സാഹചര്യം ഇത്തരം സാഹചര്യങ്ങളില്‍ മാത്രമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ പിഎസ്‌സിയോട് ശുപാര്‍ശ ചെയ്യാറുള്ളത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തോ ഈ സര്‍ക്കാരിന്റെ കാലത്തോ പിഎസ്‌സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന നിയമനാധികാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ എടുത്ത നിലപാട്. അതിനാല്‍ റാങ്ക് ലിസ്റ്റുകള്‍ വീണ്ടും നീട്ടാനുള്ള സാഹചര്യം ഇപ്പോള്‍ നിലവിലില്ല.  

റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴുവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്ന വകുപ്പു മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും.

സീനിയോറിറ്റി തര്‍ക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം, കോടതി കേസുകള്‍ എന്നിവ മൂലം റെഗുലര്‍ പ്രൊമോഷനുകള്‍ തടസ്സപ്പെട്ട് എന്‍ട്രി കേഡറില്‍ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത കേസുകള്‍ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സീനിയോറിറ്റി തര്‍ക്കം നിലനില്‍ക്കുന്ന കേസുകളില്‍ റെഗുലര്‍ പ്രൊമോഷന്‍ സ്റ്റേ ചെയ്തുകൊണ്ട് കോടതി/ട്രിബ്യൂണലില്‍ നിന്നും ഇടക്കാല ഉത്തരവുകള്‍ നല്‍കിയിട്ടുള്ള കേസുകളില്‍ താല്‍ക്കാലിക പ്രൊമോഷന്‍ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഒരു തസ്തികയില്‍ പ്രൊമോഷന്‍ അനുവദിക്കുന്നതിന് ഒഴിവുകള്‍ നിലനില്‍ക്കുകയും എന്നാല്‍ പ്രൊമോഷന്‍ നല്‍കുന്നതിന് അര്‍ഹത/ യോഗ്യതയുള്ളവരുടെ അഭാവം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രസ്തുത തസ്തികകള്‍  എന്‍ട്രി കേഡറിലേക്ക് താല്‍ക്കാലികമായി തരംതാഴ്ത്തി, ആ ഒഴിവുകളും പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് വിവിധ ഓഫീസുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ട ചുമതലയില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതി രൂപീകരിച്ചിട്ടുണ്ട്.

നിയമനങ്ങള്‍ പരമാവധി പിഎസ്‌സി മുഖേന നടത്തണമെന്നതാണ് സര്‍ക്കാരിന്റെ നയം. കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പിഎസ്‌സി പരീക്ഷകളും ഇന്റര്‍വ്യൂകളും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാന്‍ പിഎസ്‌സി നടപടി സ്വീകരിക്കുന്നതാണ്.

നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കുകയും ചെയ്യുക എന്നുള്ളത് സര്‍ക്കാരിന്റെ നയമല്ല. റാങ്ക് ലിസ്റ്റുകളില്‍ നിന്നും മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ല. റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് ഉണ്ടാകുന്ന എല്ലാ ഒഴിവുകളും പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പിഎസ്‌സി റാങ്ക് പട്ടിക നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

അതിനിടെ, മറ്റന്നാള്‍ കാലാവധി അവസാനിക്കുന്ന പിഎസ്‌സി റാങ്ക് പട്ടികകള്‍ നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. ലാസ്റ്റ് ഗ്രേഡ്, എല്‍ഡിസി, സ്റ്റാഫ് നഴ്‌സ്, സിവില്‍ പൊലീസ് ഓഫീസര്‍ എന്നീ ലിസ്റ്റുകളിലുള്‍പ്പെട്ടവരാണ് പ്രതിഷേധവുമായി എത്തിയത്. വനിത സിവില്‍ പൊലീസ് ഓഫീസര്‍ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ മുടിമുറിച്ച് പ്രതിഷേധിച്ചു.

Read More: ചികിത്സയില്‍ കഴിയുന്നവര്‍ വര്‍ധിക്കുന്നു; രാജ്യത്ത് 40,134 പുതിയ കേസുകള്‍; 422 മരണം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Psc rank list will not extend pinarayi vijayan rank holders protest539352

Next Story
മഴവില്ലഴക്; അപൂര്‍വ ഇനം ഷീല്‍ഡ് ടെയില്‍ പാമ്പിനെ കണ്ടെത്തിShield Tail Snakes, ഷീല്‍ഡ് ടെയില്‍ പാമ്പുകള്‍, New Shield Tail Snake Found, Wild Life Photography, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി, Mridula Murali Photographer, മൃദുല മുരളി, Photography, Snake Photography, Shield Tail Snakes kerala, Shield Tail Snakes Munnar, Shield Tail Snakes study, Shield Tail Snakes research, Dr Vivek Philip Syriac, Dr Vivek Philip Syriac Shield Tail snakes, indian express malayalm, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express