കൊച്ചി: താൽക്കാലിക ജീവനക്കാരുടെ തുടർ സ്ഥിരപ്പെടുത്തലുകൾ ഹൈക്കോടതി മരവിപ്പിച്ചു. സ്ഥിരപ്പെടുത്തിയ തസ്‌തികകളിൽ തൽസ്ഥിതി തുടരാൻ ഉത്തരവിട്ട കോടതി സർക്കാരിന്റെ വിശദീകരണം തേടി.

വിവിധ സർക്കാർ അർധസർക്കാർ വകുപ്പുകളിൽ 10 വർഷമായി ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്താനുള്ള ഉത്തരവുകൾ ചോദ്യം ചെയ്ത് പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സിനു വേണ്ടി എസ്.വിഷ്‌ണു സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. വിവിധ വകുപ്പുകൾക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു.

Read Also: ബോംബ് ഭീഷണി: താജ്‌മഹൽ അടച്ചു, സഞ്ചാരികളെ ഒഴിപ്പിച്ചു

കില, കെൽട്രോൺ, ഈറ്റ തൊഴിലാളി ക്ഷേമ ബോർഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്, സാക്ഷരത മിഷൻ, യുവജന കമ്മിഷൻ, ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ, എൽബിഎസ്, വനിതാ കമ്മിഷൻ, സ്കോൾ കേരള, തുടങ്ങിയ സ്ഥാപനങ്ങളിൽ സ്ഥിരപ്പെടുത്തിയതിനെതിരെയാണ് ഹർജി.

അതേസമയം, പിഎസ്‌സിക്ക് വിടാത്ത തസ്‌തികകളിലാണ് സ്ഥിരപ്പെടുത്തലുകളെന്നും മാനുഷിക പരിഗണന മാത്രമാണ് സ്ഥിരപ്പെടുത്തൽ നടപടിക്ക് കാരണമെന്നും സംസ്ഥാന സർക്കാർ നേരത്തെ വിശദീകരണം നൽകിയിരുന്നു. വഴിവിട്ട രീതിയിൽ ഒരു നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും നടന്നിട്ടില്ലെന്നാണ് സർക്കാർ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.