തിരുവനന്തപുരം: ബാബറി മസ്‌ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ എൽ.കെ.അദ്വാനി അടക്കമുള്ള 32 പ്രതികളെ വെറുതെവിട്ട സിബിഐ കോടതി വിധിയോട് വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി ദൗര്‍ഭാഗ്യകരമെന്ന് പിണറായി പറഞ്ഞു.

“ബാബറി മസ്‌ജിദ് തകർത്തത് കടുത്ത നിയമലംഘനമാണെന്ന് നവംബർ ഒൻപതിലെ സുപ്രീം കോടതി വിധിയിൽ പറയുന്നുണ്ട്. ബാബറി മസ്‌ജിദ് തകർത്തത് ജനാധിപത്യ ധ്വംസനമാണ്. ഇതിനു നേതൃത്വം നൽകിയവർ ശിക്ഷിക്കപ്പെടണം. മതേതരത്തത്തിനു പോറലേൽപ്പിച്ച നടപടിയാണ് ബാബറി മസ്‌ജിദ് തകർത്തത്. സംഘപരിവാറാണ് ഇതിനു പിന്നിൽ. കുറ്റവാളികൾ ശിക്ഷ അർഹിക്കുന്നു,” പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: ഞാൻ ഒറ്റയ്‌ക്ക് നടക്കും, ഏത് വകുപ്പിലാണ് നിങ്ങൾ എന്നെ അറസ്റ്റ് ചെയ്യുക?

പൂട്ടികിടന്ന മസ്‌ജിദ് തുറന്നുകൊടുത്തതും ശിലാന്യാസം നടത്താൻ അനുമതി നൽകിയതും കർസേവയ്‌ക്കായി മണ്ഡപം നിർമിക്കാൻ അനുമതി നൽകിയതും കോൺഗ്രസാണ്. ബാബറി മസ്‌ജിദ് തകർത്ത സമയത്ത് കർമരാഹിത്യത്തിലൂടെ മൗനാനുമതി നൽകിയതും കോൺഗ്രസ് സർക്കാരാണ്. ബാബറി മസ്‌ജിദ് തകർത്തത് കേവലം പള്ളി പൊളിക്കലല്ല. ഗാന്ധി വധം പോലെ താരതമ്യമില്ലാത്ത കുറ്റകൃത്യമാണ്. ഇതിനു കാരണക്കാരായവർക്ക് ഉചിതമായ ശിക്ഷ വാങ്ങിച്ചുകൊടുക്കാൻ കേന്ദ്ര സർക്കാരിനും സിബിഐക്കും ഉത്തരവാദിത്തമുണ്ട്, അതിൽ നിന്നു ഒഴിഞ്ഞുമാറി ഇന്ത്യയുടെ മതേതരത്തത്തിനു കൂടുതൽ മുറിവ് ഏൽപ്പിക്കരുതെന്നും പിണറായി പറഞ്ഞു.

ലെെഫിലെ സിബിഐ അന്വേഷണം

ലെെഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരെ കോടതിയിൽ പോയതിനെ ന്യായീകരിച്ച് പിണറായി. തങ്ങൾക്ക് ലഭിച്ച നിയമോപദേശം അനുസരിച്ചാണ് കോടതിയെ സമീപിച്ചതെന്നും രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ചെയ്‌തതുപോലെ സിബിഐ അന്വേഷണങ്ങളെ പൂർണമായി നിശ്ചലമാക്കുന്ന തരത്തിൽ തങ്ങൾ പ്രവർത്തിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു.

നൂറ് ദിവസം കൊണ്ട് അരലക്ഷത്തോളം തൊഴിൽ അവസരം; മുഖ്യമന്ത്രിയുടെ വാഗ്‌ദാനം

തൊഴിൽ മേഖലയ്‌ക്ക് കൂടുതൽ കരുത്ത് പകരുന്ന വാഗ്‌ദാനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മഹാമാരി മൂലം സംസ്ഥാനത്ത് ഭീതിജനകമായ തൊഴിലില്ലായ്‌മ സൃഷ്ടിച്ചു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി സംയോജിത പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നൂറ് ദിവസംകൊണ്ട് 50,000 തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കും. ആയിരം ആളുകൾക്ക് അഞ്ച് എന്ന നിലയിൽ ഓരോ പഞ്ചായത്തിലും മുൻസിപാലിറ്റിയിലും കാർഷികേതര മേഖലകളിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.

Read Also: തുടർച്ചയായി രണ്ടാം ദിനവും 8,000 ത്തിലേറെ കോവിഡ് രോഗികൾ; സ്ഥിതി അതീവ ഗുരുതരം

95,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നുണ്ട്. വിവിധ സ്‌കീമുകളുടെ പൂർത്തീകരണത്തിന്റെ ഭാഗമായി ഇതിനു കാലതാമസമുണ്ടാകും. അതിനാൽ എത്ര ചുരുങ്ങിയാലും 50,000 തൊഴിൽ അവസരങ്ങൾ ഡിസംബറിനുള്ളിൽ തന്നെ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

എല്ലാ രണ്ടാഴ്‌ചയിലും തൊഴില്‍ ലഭിച്ചവരുടെ മേല്‍വിലാസം പരസ്യപ്പെടുത്തും. സര്‍ക്കാര്‍-അര്‍ധ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളില്‍ 18,600, ഹയര്‍ സെക്കൻഡറിയിൽ 425 തസ്‌തികയും സൃഷ്‌ടിക്കും. എയ്‌ഡഡ് സ്‌കൂളുകളില്‍ 6,911 തസ്‌തിക നിയമനം റെഗുലറൈസ് ചെയ്യും. സ്‌കൂള്‍ തുറക്കാത്തത് കൊണ്ട് ജോലിക്ക് ചേരാത്ത 1,632 പേരുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ 10,968 പേര്‍ക്ക് ജോലി നല്‍കും.

Read Also: യുപി സർക്കാർ പ്രതിരോധത്തിൽ; ഹത്രാസ് പീഡനക്കേസിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷനും വനിത കമ്മിഷനും

മെഡിക്കല്‍ കോളേജില്‍ 700, ആരോഗ്യവകുപ്പില്‍ 500 തസ്തിക സൃഷ്ടിക്കും. പട്ടികവര്‍ഗക്കാരില്‍ 500 പേരെ ഫോറസ്റ്റില്‍ ബീറ്റ് ഓഫീസര്‍മാരായി നിയമിക്കും. സര്‍ക്കാര്‍ സര്‍വീസിലും പിഎസ്‌സിക്ക് വിട്ട പൊതുമേഖലാ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലും പിഎസ്‌സി വഴി നിയമനം ലഭിക്കും. എല്ലാ ഒഴിവും അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാൻ പിഎസ്‌സിക്ക് നിർദേശം. പിഎസ്‌സി വഴി 100 ദിവസത്തിനുള്ളില്‍ അയ്യായിരം പേര്‍ക്ക് നിയമനം ലക്ഷ്യം. പുതുതായി സൃഷ്ടിച്ച തസ്‌തികകളിലും എണ്ണത്തിലും പിഎസ്‌സി നിയമനത്തിലും സര്‍വകാല റെക്കോര്‍ഡ് നേടി.

സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം താൽക്കാലിക നിയമനം നടത്തും. കെഎസ്എഫ്ഇയില്‍ കൂടുതല്‍ നിയമനം. സെപ്‌റ്റംബർ-നവംബര്‍ കാലത്ത് ആയിരം പേര്‍ക്ക് നിയമനം നല്‍കും. അടുത്ത നൂറ് ദിവസത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 3,977 പേര്‍ക്ക് നിയമനം ലഭിക്കുകയോ തസ്തിക സൃഷ്ടിക്കുകയോ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.