തിരുവനന്തപുരം: പിഎസ്‌സി ആംഡ് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ഒരാഴ്‌ചക്കുള്ളിൽ നിയമന ശുപാര്‍ശ. പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതികളായ മൂന്നു പേരെ ഒഴിവാക്കി നിയമനവുമായി മുന്നോട്ടുപോകാനാണ് പിഎസ്‌സി തീരുമാനം.

മൂന്നു പ്രതികളൊഴികെ ആരും പരീക്ഷയില്‍ ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് റാങ്ക് പട്ടികയിലുള്ളവരുടെ നിയമനവുമായി മുന്നോട്ടുപോകാന്‍ പിഎസ്‌സി തീരുമാനിച്ചത്. പരീക്ഷയില്‍ തട്ടിപ്പു നടന്നെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കാസര്‍ഗോഡ് ആംഡ് പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയന്‍ റാങ്ക് പട്ടിക മരവിപ്പിച്ചത്. കഴിഞ്ഞ നാലുമാസമായി പട്ടിക മരവിപ്പിച്ചിരിക്കുകയായിരുന്നു.

Read Also: മുറിവുണ്ടാക്കിയ വിധി; അയോധ്യ വിധി അങ്ങേയറ്റം നിരാശജനകമെന്ന് ലീഗ്

പരീക്ഷാത്തട്ടിപ്പ് കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്തും നസീമും പ്രണവും അല്ലാതെ മറ്റാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ റിപ്പോർട്ട്. പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും റാങ്ക് പട്ടികയിലുള്ള മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നും പിഎസ്‌സിക്ക് നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.

അതേസമയം, പിഎസ്‍സി പരീക്ഷാ ഹാളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങുകയാണ് സര്‍ക്കാര്‍. മൊബെെൽ ഫോണിനു പുറമേ വാച്ചും പിഎസ്‌സി പരീക്ഷാ ഹാളിൽ നിരോധിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരിക്കുന്നത്. വാച്ച്, മൊബെെൽ ഫോൺ, പേഴ്‌സ്, സ്റ്റേഷനറി വസ്‌തുക്കൾ, ഭക്ഷ്യവസ്‌തുക്കൾ എന്നിവയും പിഎസ്‌സി പരീക്ഷാ ഹാളിൽ നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

Read Also: മര്‍ക്കടമുഷ്ടിക്കാരായ രാഷ്ട്രീയക്കാരെ മുട്ടുകുത്തിച്ച ശേഷന്‍

കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് മരവിപ്പിച്ചതിനെത്തുടർന്നു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ തൃശൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കുറ്റക്കാരെ മാറ്റിനിർത്തി മറ്റുള്ളവർക്കു നിയമനം നൽകണമെന്നായിരുന്നു ഉദ്യോഗാർഥികളുടെ ആവശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.