തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ ചോദ്യക്കടലാസ് ചോർത്തിയത് രണ്ടാം പ്രതി പ്രണവ് തന്നെയെന്ന് ക്രൈം ബ്രാഞ്ച്. പരീക്ഷ ഹാളിൽനിന്ന് യൂണിവേഴ്സിറ്റി കോളെജിലെ മറ്റൊരു വിദ്യാർഥിക്കു ചോദ്യക്കടലാസ് അയച്ചുനൽകിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. അതേസമയം പരീക്ഷാഹാളിലുണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍മാരെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്.

പ്രണവ് പരീക്ഷാ ഹാളില്‍നിന്നു ചോദ്യക്കടലാസിന്‍റെ ഫോട്ടോ എടുത്ത് പുറത്തേക്ക് അയച്ചെന്ന് അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് ഇൻവിജിലേറ്റർമാരെയും പ്രതിചേർക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി പ്രണവും മൂന്നാം പ്രതി നസീമും മൊബൈൽ ഫോണുമായാണു പരീക്ഷാ ഹാളിലെത്തിയത്. മൊബൈൽ ഫോൺ വഴിയല്ലാതെയും ചോദ്യക്കടലാസ് ചോർത്തിയതായി സംശയമുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

Also Read: പി‌എസ്‌സി പരീക്ഷാ തട്ടിപ്പ്: തെളിവുകള്‍ നശിപ്പിച്ചെന്ന് മൊഴി

നേരത്തെ പ്രതികൾ എസ്എംഎസിലൂടെ കൈമാറിയ ഉത്തരങ്ങൾ ഹൈടെക് സെല്ലിന്‍റെ സഹായത്തോടെ ക്രൈം ബ്രാഞ്ച് വീണ്ടെടുത്തിരുന്നു. സംഭവം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞതിനാലും പ്രതികൾ മൊബൈൽ ഫോണുകൾ നശിപ്പിച്ചതിനാലും ഏറെ പ്രയാസപ്പെട്ടാണു സന്ദേശങ്ങൾ വീണ്ടെടുത്തത്. സന്ദേശങ്ങൾ പൂർണമായും വീണ്ടെടുക്കാൻ ഹൈടെക് സെല്ലിനു സാധിച്ചിരുന്നു.

ചോദ്യക്കടലാസ് എങ്ങനെ ചോര്‍ന്നുെവെന്ന നിര്‍ണായക കാര്യത്തില്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കി അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും പ്രതികൾ നടത്തുന്നുണ്ട്. പരീക്ഷാഹാളില്‍നിന്ന് ചോദ്യക്കടലാസ് പുറത്തെത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പാടാക്കിയതു നസീമാണെന്നാണു പ്രണവ് പറയുന്നത്. എന്നാല്‍ പ്രണവാണ് മുഖ്യ ആസൂത്രകനെന്നായിരുന്നു നസീമും ശിവരഞ്ജിത്തും ഉള്‍പ്പെടെയുള്ള മറ്റു പ്രതികളുടെ മൊഴി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.