തിരുവനന്തപുരം: പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ സത്യസന്ധമായ അന്വേഷണം നടത്തിയെന്ന് പിഎസ്‌സി. യൂണിവേഴ്സി‌റ്റി കോളേജിലെ കുത്ത് കേസിൽ പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇവർ പി.എസ്.സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയെന്ന് ബോധ്യപ്പെട്ടതെന്ന് പിഎസ്‌എസി ചെയർമാൻ എം.കെ.സക്കീർ വ്യക്തമാക്കി.

ആദ്യ നൂറ് റാങ്കുകളിൽ പെട്ടവരെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ഇവരുടെ കോൾ വിവരങ്ങൾ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം പൂർത്തിയാകുന്നത് വരെ റാങ്ക് ലിസ്‌റ്റുകളിൽ നിന്ന് നിയമന നടപടികൾ നിറുത്തിവയ്‌ക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.പി.എസ്.സി പരീക്ഷയ്ക്കായി നൽകിയ പ്രൊഫൈലിൽ നൽകിയ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൂന്നുപേരുടെ ഫോണിലൂടെ 90 ഓളം മെസേജുകൾ പോയതായി കണ്ടെത്തിയത്.

പിഎസ്‌സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നുംം ചെയർമാന്റെ വിശദീകരണം. ആരോപണ വിധേയർക്കൊപ്പം പരീക്ഷ എഴുതിയവരുടെ മൊഴിയെടുത്തുവെന്നും, ക്രമക്കേട് നടന്നട്ടില്ലെന്നായിരുന്നു ഇൻവിജിലേറ്റർ ഉൾപ്പടെയുള്ളവരുടെ മൊഴിയെന്നും ചെയർമാൻ വ്യക്തമാക്കി. ഇതേതുടർന്നാണ് പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കാൻ തീരുമാനമായത്.

അന്വേഷണത്തിൽ പ്രതികളുടെ ഫോണിലേക്ക് നിരന്തരം സന്ദേശങ്ങൾ വന്നതായി കണ്ടെത്തി. പരീക്ഷ നടന്ന മണിക്കൂറിൽ തന്നെയാണ് സന്ദേശങ്ങൾ എത്തിയത്. രണ്ട് നമ്പരുകളിൽ നിന്നാണ് സന്ദേശം എത്തിയത്.

ഇതേതുടർന്ന് പി.എസ്.സിയുടെ ചട്ടമനുസരിച്ച് ഇവരെ പരീക്ഷയിൽ അയോഗ്യരാക്കാൻ തീരുമാനിച്ചു. കേസെടുത്ത് കൂടുതൽ അന്വേഷണം നടത്താൻ പൊലീസിനോട് ശുപാർശ ചെയ്‌തതായും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു. പി.എസ്.സി പരീക്ഷകളിൽ യാതൊരു വിധ ക്രമക്കേടുകളും അനുവദിക്കില്ല.ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം അടക്കം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.