തിരുവനന്തപുരം: പിഎസ്സി പരീക്ഷയുടെ ചോദ്യങ്ങള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണം എന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം. പിഎസ്സി അധികൃതരുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചോദ്യങ്ങൾ മലയാളത്തിൽ കൂടി വേണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി ആസ്ഥാനത്തിന് മുന്നില്‍ ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയിട്ട് പത്തൊന്‍പത് ദിവസം കഴിഞ്ഞു.
പരീക്ഷകള്‍ മലയാളത്തില്‍ വേണ്ട എന്ന നിലപാട് പിഎസ്സിക്ക് ഇല്ല. ചോദ്യങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാന്‍ സംവിധാനം ആവശ്യമാണ്. മലയാളം പേപ്പര്‍ തയ്യാറാക്കാന്‍ അധ്യാപകരെ സജ്ജരാക്കണമെന്നും പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഇവര്‍ തയ്യാറാകണമെന്നും വ്യക്തമാക്കി. കെഎഎസ് അടക്കമുള്ള പരീക്ഷകളുടെ ചോദ്യങ്ങളും മലയാളത്തില്‍ ലഭ്യമാക്കാന്‍ തീരുമാനമായി. തീരുമാനം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പഠിക്കുന്നതിനായി സമിതിയെ നിയമിക്കുമെന്നും പിഎസ്സി ചെയർമാൻ അറിയിച്ചു.
കഴിഞ്ഞ മാസം 29 നാണ് പിഎസ്സി പരീക്ഷകളില്‍ മലയാളത്തില്‍ കൂടി ചോദ്യങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. നിരവധി സാംസ്കാരിക നായകന്മാരും പ്രതിപക്ഷവും സമരത്തിന് പിന്തുണയുമായി എത്തിയതോടെയാണ് മുഖ്യമന്ത്രി പിഎസ്സിയുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങിയത്.
മലയാളം മീഡിയത്തില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് പിഎസ്സിയുടെ ഇംഗ്ലീഷ് ചോദ്യപേപ്പര്‍ പ്രയാസമുണ്ടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരാനാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ തീരുമാനം.