തിരുവനന്തപുരം​: പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസിൽ വിവാദ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പരീക്ഷയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിട്ടില്ല. ആദ്യ മൂന്ന് പ്രതികളുടെ നിയമനം മാത്രം റദ്ദാക്കിയാൽ മതിയെന്നും പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ആദ്യ മൂന്ന് പ്രതികൾ ഒഴികെ മറ്റുള്ളവർക്ക് നിയമനം നൽകുന്നതിൽ തടസമില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശിവരഞ്ജിത്, നസീം, പ്രണവ് എന്നീ പ്രതികൾക്ക് നിയമനം നൽകരുതെന്നും റിപ്പോർട്ടിൽ പറയുന്നു. പി‌എസ്‌സി സെക്രട്ടറിക്ക് എഡിജിപി ടോമിൻ തച്ചങ്കരി കത്ത് നൽകി. മൂന്ന് പ്രതികളല്ലാതെ മറ്റാരും കോപ്പിയടിച്ചതിന് തെളിവുകളില്ലെന്ന് കത്തിൽ പറയുന്നു.

Read More: കോപ്പിയടിച്ചെങ്കിൽ എന്റെ കഴിവ്; പിഎസ്‍‌സി പരീക്ഷാത്തട്ടിപ്പുകേസില്‍ ജാമ്യം ലഭിച്ച നസീം

പിഎസ്‌സി നടത്തിയ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നസീമിനും ശിവരഞ്ജിത്തിനും ഒക്ടോബർ 28നാണ് ജാമ്യം അനുവദിച്ചത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതോടെയാണ് ഇരുവര്‍ക്കും സ്വാഭാവികജാമ്യം ലഭിച്ചത്. യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലും ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. പിഎസ്‌സി തട്ടിപ്പുകേസില്‍ അന്വേഷണം തുടരുന്നതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിന്റെ കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം

25,000 രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യവും കോടതിയില്‍ ബോണ്ടായി ഹാജരാക്കണം. അന്തിമ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കും വരെ എല്ലാ ശനിയാഴ്ചയും പകല്‍ 9 നും 11നും ഇടക്കുള്ള സമയം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം നൽകിയത്.

സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. തെളിവുകള്‍ നശിപ്പിക്കരുത്. ജാമ്യത്തില്‍ ഇറങ്ങുന്നതിന്റെ പിറ്റേന്ന്
പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലടക്കുമെന്നും ജാമ്യ ഉത്തരവില്‍ സിജെഎം ടി.പി. പ്രഭാഷ് ലാല്‍ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.