തിരുവനന്തപുരം: പി‌എസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ തെളിവുകള്‍ നശിപ്പിച്ചതായി മൊഴി. മുഖ്യതെളിവായ മൊബൈല്‍ ഫോണുകളും സ്മാര്‍ട് വാച്ചുകളും പൂര്‍ണ്ണമായി നശിപ്പിച്ചെന്നാണ് മൊഴി. ഉത്തരങ്ങള്‍ അയച്ച് നല്‍കാന്‍ ഉപയോഗിച്ച രണ്ട് മൊബൈല്‍ ഫോണും ഉത്തരങ്ങള്‍ സ്വീകരിച്ച രണ്ട് സ്മാര്‍ട് വാച്ചും ഒളിവില്‍ താമസിക്കുന്നതിനിടെ മുണ്ടക്കയത്ത് മണിമലയാറ്റില്‍ ഒഴുക്കികളഞ്ഞെന്നാണ് മുഖ്യപ്രതി പി.പി.പ്രണവ് മൊഴി നല്‍കിയിരിക്കുന്നത്. മുണ്ടക്കയത്തെത്തിച്ചുള്ള തെളിവെടുപ്പില്‍ സ്ഥലം ക്രൈംബ്രാഞ്ചിനെ കാണിക്കുകയും ചെയ്തു.

പ്രധാന തെളിവുകളായ മൊബെെൽ ഫോണും സ്മാർട് വാച്ചും നശിപ്പിച്ചത് കേസിൽ തിരിച്ചടിയാകും. ശാസ്ത്രീയതെളിവുകളടക്കം നഷ്ടമായതോടെ അന്വേഷണസംഘവും പ്രതിരോധത്തിലാണ്. ചോദ്യപേപ്പര്‍ എങ്ങിനെ ചോര്‍ന്നൂ എന്ന നിര്‍ണായക കാര്യത്തില്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും പ്രതികൾ നടത്തുന്നുണ്ട്. പരീക്ഷാഹാളില്‍ നിന്ന് ചോദ്യപേപ്പര്‍ പുറത്തെത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പാടാക്കിയത് നസീമാണെന്നാണ് പ്രണവ് പറയുന്നു. എന്നാല്‍ പ്രണവാണ് മുഖ്യആസൂത്രണമെന്നായിരുന്നു നസീമും ശിവരഞ്ജിത്തും ഉള്‍പ്പെടെ മറ്റ് പ്രതികളുടെ മൊഴി.

Read Also: ഓണം ബംപര്‍: കോടിപതികൾ ആറ് പേര്‍, സമ്മാനം ഒന്നിച്ചെടുത്ത ടിക്കറ്റിന്

പരീക്ഷാ തട്ടിപ്പ് കേസിൽ സർക്കാരിനെതിരെ ഹെെക്കോടതി രംഗത്തുവന്നിരുന്നു. പി‌എസ്‌സിയിലെ തട്ടിപ്പ് വളരെ ഗൗരവമുള്ള വിഷയമാണെന്ന് ഹൈക്കോടതി പറഞ്ഞു. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട പരീക്ഷാ തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം. കേസിൽ വിശദീകരണം തേടിയ കോടതി സിബിഐക്കും പിഎസ്‌സിക്കും സർക്കാരിനും നോട്ടീസയച്ചു. കോൺസ്റ്റബിൾ നിയമനത്തിനുള്ള പരീക്ഷയിൽ പങ്കെടുത്ത കൊല്ലം സ്വദേശി ശ്രീകുമാർ, മലപ്പുറം സ്വദേശി സുബിൻ എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.