തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസില്‍ പ്രതികളായ പ്രണവും സഫീറും കീഴടങ്ങി. തിരുവനന്തപുരം സിജെഎം കോടതിയിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. അറസ്റ്റ് ഒഴിവാക്കാൻ ഇരുവരും കോടതിയിലേക്ക് ഓടിക്കയറുകയായിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് പ്രണവ്, സഫീര്‍ നാലാം പ്രതിയും.

പൊലീസ് കോൺസ്റ്റബിൾ ബറ്റാലിയനിലേക്ക് പിഎസ്‍‌സി നടത്തിയ പരീക്ഷയിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളാണ് ഇരുവരും. പരീക്ഷയിൽ പ്രണവ് രണ്ടാം റാങ്ക് നേടിയിരുന്നു. പ്രണവിനെ നേരത്തെ പിഎസ്‍സി വിജിലന്‍സ് ചോദ്യം ചെയ്തിരുന്നുവെങ്കിലും വിട്ടയയ്ക്കുകയായിരുന്നു. പ്രതികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകിയെന്ന് അഞ്ചാം പ്രതിയായ പൊലീസുകാരൻ ഗോകുൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. പ്രണവിന്റെ സുഹൃത്താണ് ഗോകുൽ.

Also Read: പിഎസ്‌സി പരീക്ഷ തട്ടിപ്പ് നടത്തിയവരെ വീണ്ടും പരീക്ഷ എഴുതിപ്പിക്കണം; അപേക്ഷയുമായി ക്രൈംബ്രാഞ്ച് കോടതിയിൽ

പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പർ ചോര്‍ന്ന് കിട്ടിയെന്നും പിഎസ്‍സി പരിശീലന കേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്‍റെ സഹായത്തോടെ ഉത്തരങ്ങൾ അയച്ചുകൊടുത്തു എന്നുമായിരുന്നു ഗോകുലിന്‍റെ മൊഴി. എന്നാൽ ചോദ്യപേപ്പർ ആരാണ് ചോർത്തി നൽകിയതെന്ന് അറിയില്ലെന്നും ഗോകുല്‍ പറഞ്ഞിരുന്നു.

അതേസമയം, പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജയിലിൽ വീണ്ടും പരീക്ഷ നടത്തും. ജയിലില്‍ പരീക്ഷ നടത്താന്‍ ക്രൈംബ്രാഞ്ച് കോടതിയോട് അനുമതി തേടി. ഇരുവരുടെയും ബൗദ്ധിക നിലവാരം പരിശോധിക്കുന്നതിനാണ് മാതൃകാ പരീക്ഷ നടത്തുന്നത്. പരീക്ഷയില്‍ പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 21-ാം റാങ്കുമായിരുന്നു ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.