കൊച്ചി: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഏപ്രിൽ എട്ടിന് വിശദീകരണം നൽകണം. താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പിഎസ്സി റാങ്ക് പട്ടികയിലുള്ള ഏതാനും ഉദ്യോഗാർഥികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
കില, കെൽട്രോൺ, ഈറ്റ തൊഴിലാളി ക്ഷേമ ബോർഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്, സാക്ഷരത മിഷൻ, യുവജന കമ്മിഷൻ, ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ, എൽബിഎസ്, വനിതാ കമ്മിഷൻ, സ്കോൾ കേരള, തുടങ്ങിയ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലുകളാണ് സ്റ്റേ ചെയ്തത്.
താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ നിയമവിരുദ്ധമാണന്ന സുപ്രീം കോടതിയുടെ ഉത്തരവ് രാജ്യത്തെ നിയമമാണെന്നും ഇതിനു വിരുദ്ധമായ നടപടികൾ പാടില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, പിഎസ്സിക്ക് വിടാത്ത തസ്തികകളിൽ മാത്രമാണ് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതെന്നും ചട്ടങ്ങൾ ലംഘിച്ച് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നുമാണ് സർക്കാർ വിശദീകരണം. സ്പെഷ്യൽ റൂൾ പ്രകാരമാണ് നിയമനങ്ങളെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. സ്പെഷ്യൽ റൂളിന്റെ വിശദാംശങ്ങൾ ഹാജരാക്കണമെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.