തിരുവനന്തപുരം: പി.എസ്.സിയിലെ 493 റാങ്ക് പട്ടികളുടെ കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് അർദ്ധരാത്രിയോടെ ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.ക്ലാര്‍ക്ക്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഉൾപ്പടെയുള്ള പട്ടികകളുടെ കാലാവധിയാണ് അവസാനിക്കുക.
ഈ പട്ടികകളുടെ കാലാവധി ഇനിയും നീട്ടണമെങ്കിൽ സർക്കാർ പി.എസ്.സിയോട് ആവശ്യപ്പെടുകയും പി.എസ്.സി തീരുമാനം എടുക്കുകയും വേണം. എന്നാൽ പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി രണ്ടു തവണ നിയമസഭയിൽ അറിയിച്ചിട്ടുണ്ട്.
അതേസമയം, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പി.എസ്.സി റാങ്ക് പട്ടിക നീട്ടിയ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഇന്നലെ റദ്ദാക്കി. എല്ലാ ജില്ലകളിലേയും ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ ഒഴിവുകൾ ഉടൻ പി.എസ്.സി റിപ്പോർട് ചെയ്യാനും കോടതി ഉത്തരവിട്ടു.
Also read: ലോക്ക്ഡൗൺ ഞായറാഴ്ച മാത്രം, കടകൾ രാത്രി ഒമ്പത് വരെ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന് സഭയിൽ
ട്രിബ്യുണലിൽ ഉള്ള ഹർജി എത്രയും പെട്ടെന്ന് തീർപ്പാക്കാനും കോടതി നിർദേശിച്ചു. പി.എസ്.സി പട്ടിക നീട്ടാൻ ട്രിബ്യൂണലിന് അധികാരമില്ലന്ന പി.എസ്.സി യുടെ വാദം അംഗീകരിച്ചാണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പുറത്തുനിൽക്കുമ്പോൾ ലിസ്റ്റുകളുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്ന് കോടതി ആരാഞ്ഞു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി ഇടക്കാല ഉത്തരവിറക്കാൻ അഡ്മിനിട്രേറ്റീവ് ട്രിബ്യൂണലിന് കഴിയില്ലന്നും കോടതിയുടെ വ്യക്തമാക്കി.
കോടതി വിധിയെ തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം എൽജിഎസ് ഉദ്യോഗാർത്ഥികൾ താത്കാലികമായി നിർത്തി. എന്നാൽ വനിതാ സിപിഒമാരുടെ സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം ഉദ്യോഗാർത്ഥികൾ മുടി മുറിച്ചു പ്രതിഷേധിച്ചിരുന്നു.