തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരിൽ ബിജെപി സ്ഥാനാർത്ഥിയായി പി.എസ്.ശ്രീധരൻ പിളള തന്നെ മൽസരിക്കും. നേരത്തേ മൽസരിക്കാനില്ലെന്ന് പി.എസ്.ശ്രീധരൻ പിളള വ്യക്തമാക്കിയിരുന്നെങ്കിലും പാർട്ടിക്ക് അകത്ത് നിന്നുളള സമ്മർദ്ദത്തിന് പിന്നാലെയാണ് തീരുമാനം മാറ്റിയത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും വലിയ മുന്നേറ്റമാണ് ബിജെപി നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പി.എസ്.ശ്രീധരൻ പിളളയായിരുന്നു ഇവിടുത്തെ ബിജെപി സ്ഥാനാർത്ഥി.

സിപിഎം നേതാവ് കെ.കെ.രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്നാണ് ചെങ്ങന്നൂർ നിയമസഭ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 2016 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കെ.കെ.രാമചന്ദ്രൻ 36 ശതമാനം വോട്ട് നേടി ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി പി.സി.വിഷ്ണുനാഥ് 30 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തും പി.എസ്.ശ്രീധരൻ പിളള 29 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തും എത്തിയിരുന്നു.

2011 ൽ യുഡിഎഫ് വിജയിച്ച മണ്ഡലത്തിൽ ഏറെക്കുറെ തുല്യ വോട്ട് വിഹിതത്തിലേക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം നടത്തി. 2011 ലെ തിരഞ്ഞെടുപ്പിൽ നാല് ശതമാനം മാത്രം വോട്ട് നേടിയ ബിജെപി 2016 ലേക്ക് എത്തിയപ്പോൾ വോട്ട് വിഹിതം 29 ആക്കി ഉയർത്തി.

നായർ സമുദായത്തിന് സ്വാാധീനമുളള ചെങ്ങന്നൂരിൽ ശ്രീധരൻ പിളളയ്ക്ക് എൻഎസ്എസുമായുളള അടുപ്പവും മണ്ഡലത്തിലുളള ജനപിന്തുണയും മുൻനിർത്തിയാണ് ഇദ്ദേഹത്തെ തന്നെ മൽസരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ