തിരുവനന്തപുരം: കഴിഞ്ഞ അമ്പത് വർഷമായി ശബരിമലയെ തകർക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള. സുപ്രീം കോടതി വിധിയുടെ മറവിൽ കുറുക്കുവഴിയിലൂടെ തകർക്കാനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വിധിക്കെതിരെ എൻഡിഎ സംഘടിപ്പിച്ച ശബരിമല സംരക്ഷണ യാത്രയുടെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി.എസ്.ശ്രീധരൻപിള്ള.

കേരളത്തിന്റെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്ന രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറിയിരിക്കുന്നു. ഇത്രയും നാൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ഇന്ന് വിശ്വാസികൾ അർപ്പിച്ച വിശ്വാസത്തിൽ മറുപടി പറയാൻ സിപിഎം നിർബന്ധിതരായിരിക്കുകയാണെന്നും പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.

കോടിക്കണക്കിനാളുകൾ സന്ദർശിക്കുന്ന സ്ഥലമാണ് ശബരിമല. ആ ശബരിമലയെ സംരക്ഷിക്കാനുള്ള ജനങ്ങളുടെ വികാരത്തെ ഉൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ എൻഡിഎ പുതിയ സമരമുറകളിലേക്ക് കടക്കുമെന്നും പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിശദീകരണ യോഗങ്ങളിൽ ആളെ കൂട്ടാൻ സിപിഎം പാടുപെടുകയാണെന്നും പി.എസ്.ശ്രീധരൻപിള്ള പരിഹസിച്ചു.

പന്തളത്തുനിന്ന് നാല് ദിവസം മുമ്പാണ് ശബരിമല സംരക്ഷണ പദയാത്ര ആരംഭിച്ചത്. ഇന്ന് പട്ടത്ത് നിന്ന് പുനരാരംഭിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമാപിച്ചു. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവിന് പുറമെ തുഷാര്‍ വെള്ളാപ്പള്ളി, പി.സി.തോമസ്, സുരേഷ്ഗോപി എം.പി., ഒ.രാജഗോപാല്‍ എംഎല്‍എ, എം.ടി. രമേശ്, എ.എന്‍.രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.