തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കേരളത്തിലേക്ക് എത്തുന്ന കുമ്മനം രാജശേഖരനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന നേതൃത്വം. കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള സ്വാഗതം ചെയ്തു. സംഘടനാ തലത്തില്‍ മാറ്റമുണ്ടായാലും സ്വാഗതം ചെയ്യുമെന്നും ശ്രീധരന്‍പിള്ള

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ശശി തരൂരിന് മികച്ച എതിരാളിയായിരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി.മുരളീധരനും പ്രതികരിച്ചു. സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി കുമ്മനം ഫോണില്‍ സംസാരിച്ചു.

ഇന്നാണ് മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കുമ്മനം രാജശേഖരന്‍ രാജിവച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് കുമ്മനം കേരളത്തിലേക്ക് മടങ്ങിവരുന്നത്. തിരുവനന്തപുരത്ത് നിന്നായിരിക്കും കുമ്മനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക.

അതേസമയം, മറ്റ് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് താന്‍ പ്രതികരിക്കാനില്ലെന്നാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ ശശി തരൂര്‍ പറഞ്ഞത്. കുമ്മനത്തിന്റെ വരവോടെ മത്സരരംഗം കൂടുതല്‍ ചൂടുപിടിക്കുമെന്നും എതിരാളികളെ ഭയപ്പെടുന്നില്ലെന്നും സിപിഐ സ്ഥാനാര്‍ത്ഥി സി.ദിവാകരനും പ്രതികരിച്ചു.

ബിജെപിക്ക് വിജയസാധ്യതയുള്ള സീറ്റുകളില്‍ ഒന്നാമതാണ് തിരുവനന്തപുരം. ആര്‍എസ്എസിന്റെ പിന്തുണയോടെയാണ് കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി തീരുമാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.