തിരൂര്‍: വസ്ത്രധാരണത്തില്‍ അടിസ്ഥാനപരമായ അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍പിള്ള. സി.പി.എം വോട്ടിനു വേണ്ടി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. അതുകൊണ്ടാണ് കമ്യൂണസത്തിന്റെ രീതികളെല്ലാം ലംഘിച്ച് അവര്‍ അലയുന്നതെന്നും ശ്രീധരന്‍പിളള പറഞ്ഞു. പൊന്നാനി ലോക്സഭ മണ്ഡലം ബി.ജെ.പി പ്രവര്‍ത്തകയോഗം തിരൂരില്‍ ഉദ്ഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ പ്രീണനത്തിന്റെ വക്താക്കളായിരുന്നു അടുത്തകാലം വരെ സി.പി.എം. എന്നാല്‍ ഇന്ന് റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ പര്‍ദ്ദ വിലക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത് അവരാണ്. ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തി സി.പി.എം ഉഴുതു മറിച്ച മണ്ണില്‍ യു.ഡി.എഫ് വിളവെടുക്കുന്നതിലുള്ള നിരാശയാണ് പർദ വിഷയത്തില്‍ സി.പി.എം ഇപ്പോള്‍ എടുക്കുന്ന നിലപാട്. വോട്ട് ബാങ്കുകള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ച സിപിഎമ്മിന് തോല്‍വി ഉറപ്പായതോടെ ചിത്തഭ്രമം ബാധിച്ചിരിക്കുകയാണെന്നും ശ്രീധരന്‍പിളള പറഞ്ഞു.
കള്ളവോട്ട് ചെയ്തതിന്റെ പേരിലുള്ള റീപോളിങ് കേരളത്തിന് അപമാനകരമാണെന്നും ഇക്കാര്യത്തില്‍ എല്‍.ഡി.എഫും യൂ.ഡി.എഫും ജനങ്ങളോട് പരസ്യമായി മാപ്പു പറയണമെന്നും അഭിപ്രായപ്പെട്ടു. കള്ളവോട്ട് ചെയ്തതിന്റെ പേരിലുള്ള റീപോളിങ് കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം 23ന് പുറത്തുവരുമ്പോള്‍ സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങുമെന്നും മോദിയെ താഴെയിറക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ക്കൊക്കെ 23ാം തീയതി സമ്മാനിക്കുക നിരാശയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.