തൃശൂർ: ബിജെപി ക്ഷണിച്ചാൽ സി.പി.എമ്മിന്റെ ബ്രാഞ്ച് ഭാരവാഹികളടക്കം പാർട്ടിയിലേക്ക് വരുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ആരുടെയും പേരെടുത്തു പറഞ്ഞു വിവാദമുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ ക്ഷണിക്കാന്‍ കാത്തിരിക്കുന്നവുണ്ട്. ബിജെപി ക്ഷണിച്ചാല്‍ സിപിഎമ്മിന്റെ ബ്രാഞ്ച് ഭാരവാഹികളടക്കം വരും. എന്നാല്‍ ആരുടേയെങ്കിലും പേര് സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജനകീയ നേതാക്കള്‍ ഇല്ലാത്തത് കൊണ്ടല്ല ബിജെപിയിലേക്ക് മറ്റ് പാര്‍ട്ടിയിലുളളവരെ സ്വീകരിക്കുന്നത്. ഇത് ബി.ജെ.പിയുടെ മനസ്സിന്റെ വലിപ്പമാണ് കാണിക്കുന്നത്’, പിളള പറഞ്ഞു.

ആരെയെങ്കിലും പ്രത്യേകമായി ബി.ജെ.പി നോട്ടമിട്ടിട്ടില്ലെന്നും ജനപക്ഷത്താണ് ബി.ജെ.പിയുടെ നോട്ടമെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു. കെ.പി.സി.സിയുടെ പുതിയ ഭാരവാഹികളെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ‘കെ.പി.സി.സിയുടെ പുതിയ ഭാരവാഹി പട്ടിക അവരുടെ ദൗർബല്യമാണ് കാണിക്കുന്നത്. വാർത്തയറിഞ്ഞ കണ്ണൂരിലെ ഒരു നേതാവ് ഫോൺ വലിച്ചെറിഞ്ഞതായാണ് മനസിലാക്കുന്നത്. ഈ നേതാവിനെയടക്കം ആരെയും ബി.ജെ.പി സ്വാഗതം ചെയ്യും’, ശ്രീധരൻ പിള്ള വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.