തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള കേസ് നല്കി. പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സിവിലായും ക്രിമിനലായും കേസ് രജിസ്റ്റര്‍ ചെയ്തതായി ശ്രീധരന്‍പിള്ള പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ചാണ് കേസ്.
Read More: ശ്രീധരൻ പിള്ളയെ കേരളത്തിന്റെ പൊതുശത്രുവായി പ്രഖ്യാപിക്കണമെന്ന് തോമസ് ഐസക്ക്
കേസ് താന്‍ ജയിക്കുമെന്നും നഷ്ടപരിഹാരത്തുക ശബരിമല സമരത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും പീഡനമേറ്റുവാങ്ങിയ അയ്യപ്പഭക്തര്‍ക്കു നല്‍കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വ്യക്തിഹത്യ നടത്തിയുള്ള പോസ്റ്റ് പിന്‍വലിച്ച് തോമസ് ഐസക് തന്നോട്ട് മാപ്പ് പറയണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ചതിന് പിന്നിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ ആരോപിച്ചിരുന്നു. വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് ശ്രീധരൻ പിള്ള കേന്ദ്ര ഗതാഗത മന്ത്രിക്ക് അയച്ച കത്തും തോമസ് ഐസക്ക് പുറത്തുവിട്ടു.
രാഷ്ട്രീയനിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്നത്തെ ചുരുക്കാനാവില്ല. ഈ നാടിന്റെ ഭാവിവികസനത്തെ പിൻവാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവർത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാൻ അദ്ദേഹത്തെ അനുവദിക്കണോ എന്ന് ചിന്തിക്കണമെന്നും ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവർ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടിയാണ് ഇതെന്നും തോമസ് ഐസക്ക് പറഞ്ഞു.
Read More: വിവാദ പ്രസംഗം: ശ്രീധരൻ പിളളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
വെല്ലുവിളികൾക്കു മുന്നിൽ അടിപതറി 2013ൽ ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചതാണ് കേരളത്തിന്റെ ദേശീയപാതാവികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, എൽഡിഎഫ് സർക്കാർ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു. കണ്ണൂർ കീഴാറ്റൂർ, മലപ്പുറം ഉൾപ്പെടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ് നേതാക്കളും കുത്തിത്തിരിപ്പിനും കലാപത്തിനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ് രാഷ്ട്രീയവിരോധം തീർക്കാൻ കേന്ദ്രം പദ്ധതി അട്ടിമറിച്ചത്.
നവകേരളത്തിന്റെ നട്ടെല്ലാണ് നാലുവരിയിലെ ദേശീയപാത. വികസനലക്ഷ്യങ്ങൾ അതിവേഗം കരഗതമാക്കാൻ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാവികസനം. ഭാവിതലമുറയുടെ വികസനപ്രയാണങ്ങൾ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി.എസ്.ശ്രീധരൻ പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർട്ടിക്കും കേരളം മാപ്പു നൽകില്ലെന്നും തോമസ് ഐസക്ക് ഫെയ്സബുക്കിൽ കുറിച്ചു.