തൃശ്ശൂര്‍: കേരളത്തില്‍ നിലവിലുള്ളത് ബിജെപിക്ക് അനുകൂല സാഹചര്യമാണെന്നും, എന്നാല്‍ തിരഞ്ഞെടപ്പില്‍ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. തനിക്ക് അധികാര രാഷ്ട്രീയത്തോട് താത്പര്യമില്ലെന്നും, എന്നാല്‍ ബിജെപിയെ ജയിപ്പിക്കാന്‍ സാധിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റായതുകൊണ്ട് മത്സരിക്കാന്‍ തനിക്ക് തടസമൊന്നും ഇല്ല, എന്നാല്‍ അധികാരത്തേക്കാള്‍ പാര്‍ട്ടി പ്രവര്‍ത്തനമാണ് തനിക്ക് താത്പര്യമെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. കുമ്മനം രാജശേഖരന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ താനല്ല, പാര്‍ട്ടിയാണ് അഭിപ്രായം പറയേണ്ടതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ള ചെങ്ങന്നൂരില്‍ നിന്നും മത്സരിച്ചിരുന്നു.

ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ സമരങ്ങളും രഥയാത്രയും നിരാഹാര സമരവും ഒപ്പുശേഖരവും വലിയ വിജയമായിരുന്നുവെന്നും, എല്ലാ സമരങ്ങളുടേയും ഉദ്ദേശം ജനങ്ങളെ ബോധവത്കരിക്കുക എന്നതാണെന്നു ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല സമരം പരാജയമാണെന്ന് പറയാന്‍ അന്ധത ബാധിച്ചവര്‍ക്കുമാത്രമേ കഴിയൂ, സമരം വിജയമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. കഴുത കാമം കരഞ്ഞുതീര്‍ക്കുന്നതുപോലെ ചിലര്‍ സമരം പരാജയമാണെന്ന് പറയുകയാണ്. അതിനെ ആരും മുഖവിലയ്ക്ക് എടുക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

‘ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഒരു സമരത്തിന്റെ ലക്ഷ്യം. ഞങ്ങള്‍ സമരം ചെയ്യുമ്പോഴേക്കും പിണറായി വിജയന്‍ ഇറങ്ങിവന്ന് ഇതാ ബി.ജെ.പിക്കാരാ കൈതരുന്നു എന്നു പറഞ്ഞ് ഞങ്ങളെ ആശീര്‍വദിക്കുമോ, ഉപ്പു സത്യാഗ്രഹം നടത്തി എന്നിട്ട് നികുതി കുറച്ചോ, ഭരണകൂടത്തിനെതിരായ ഏതു സമരവും അങ്ങനെയാണ്.ആ നിലയില്‍ ഞങ്ങളുടെ സമരം വിജയമാണ്.’ ശ്രീധരന്‍ പിള്ള പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.