തിരുവനന്തപുരം: പി.എസ്.ശ്രീധരന്‍പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. കേന്ദ്രനേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, സംസ്ഥാന ബിജെപി അദ്ധ്യക്ഷന്റെ ചുമതല ഏറ്റെടുക്കാന്‍ അദ്ദേഹം സമ്മതം അറിയിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കേന്ദ്രനേതാക്കള്‍ തന്നോട് രണ്ട് ദിവസം മുമ്പ് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായതോടെ ഒഴിവ് വന്ന അധ്യക്ഷ സ്ഥാനത്തേക്കാണ് ശ്രീധരന്‍ പിള്ള എത്തുന്നത്. രണ്ട് മാസമായി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. രണ്ടാം വട്ടമാണ് ശ്രീധരന്‍ പിള്ള ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തുന്നത്. 2003-06 കാലത്തായിരുന്നു ശ്രീധരന്‍ പിള്ള ബിജെപിയെ മുമ്പ് നയിച്ചത്. അതേസമയം, വി.മുരളീധരന്‍ എംപിയ്ക്ക് ആന്ധ്രയുടെ സംഘടനാ ചുമതലയും നല്‍കിയിട്ടുണ്ട്.

നേരത്തെ, പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ് തുടങ്ങിയവരുടെ പേരുകള്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും തീരുമാനത്തിലെത്താന്‍ സാധിച്ചിരുന്നില്ല. കെ.സുരേന്ദ്രനെ അദ്ധ്യക്ഷനാക്കണമെന്ന് വി.മുരളീധരന്‍ പക്ഷം ആവശ്യപ്പെട്ടുവെങ്കിലും കേരളത്തിലെ ആർഎസ്എസ് നേതൃത്വത്തിന്റെ വിയോജിപ്പ് മൂലവും ബിജെപി സംസ്ഥാന ഘടകത്തിലെ തർക്കം കാരണവും അത്  നിരസിച്ചുവെന്നാണ് അറിയുന്നത്. ഒത്തുതീർപ്പ് സ്ഥാനാർത്ഥി എന്ന നിലയിലാണ്  ശ്രീധരന്‍പിള്ളയ്ക്ക് അധ്യക്ഷസ്ഥാനം നല്‍കിയെതന്നാണ് ബിജെപിയുടെ ഉളളിൽ നിന്നും വരുന്ന വാർത്തകൾ.

ശ്രീധരന്‍ പിള്ള സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പാര്‍ട്ടിയെ നയിച്ചിട്ടുണ്ട്. നിലവിൽ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്.

ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തില്‍ ജനിച്ചു. വി.ജി.സുകുമാരന്‍ നായര്‍, ഭവാനി അമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ റീത അഭിഭാഷകയാണ്. മകന്‍ അർജുന്‍ ശ്രീധര്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്, മകള്‍ ഡോ. ആര്യ. വെണ്മണി മാര്‍ത്തോമ്മാ ഹൈസ്‌കൂള്‍, പന്തളം എന്‍എസ്എസ് കോളേജ്, കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് എന്നിവിടങ്ങളിലാണ് ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്.

അഭിഭാഷകനും എഴുത്തുകാരനുമായ അദ്ദേഹം എബിവിപി പ്രവര്‍ത്തനത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തി. അറുപതുകളില്‍ വെണ്മണിയിലെ ആര്‍എസ്എസ് ശാഖയിലൂടെ പൊതുരംഗത്ത് വരുന്നത്. തുടര്‍ന്ന് ബിജെപിയുടെ ആദ്യ രൂപമായ ജനസംഘത്തിന്റെ വെണ്മണി സ്ഥാനീയസമിതി സെക്രട്ടറിയായി രാഷ്ട്രീയത്തില്‍. കോഴിക്കോട് ലോ കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍, 12 കൊല്ലക്കാലം കോഴിക്കോട് സര്‍വ്വകലാശാല സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഹൈക്കോടതി അഭിഭാഷകനാണ്. ജന്മഭൂമി മുന്‍ മാനേജിങ് എഡിറ്ററായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജനസംഘത്തിന്റെ യുവവിഭാഗമായ യുവസംഘം സംസ്ഥാന കണ്‍വീനറായിരുന്നു. എബിവിപി, യുവമോര്‍ച്ച, തുടങ്ങിയ സംഘടനകളുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ ബിജെപിയുടെ സ്ഥാപകനാണ്. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.