scorecardresearch
Latest News

ഹിന്ദി നശിക്കട്ടെ എന്നായിരുന്നോ അമിത് ഷാ പറയേണ്ടിയിരുന്നത്? പിണറായിയോട് ശ്രീധരന്‍പിള്ള

ഒരു സംസ്ഥാന മുഖ്യമന്ത്രി ദേശീയ ഭാഷയ്‌ക്കെതിരെ സംസാരിക്കുന്നത് ശരിയല്ലെന്നും ശ്രീധരന്‍പിള്ള

sreedharan pillai, ശ്രീധരൻ പിളള, bjp, ബിജെപി, ie malayalam, ഐഇ മലയാളം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദം സംഘപരിവാര്‍ അജണ്ടയാണെന്ന പിണറായി വിജയന്റെ പരാമര്‍ശത്തെയാണ് ശ്രീധരന്‍പിള്ള വിമര്‍ശിച്ചത്. ഒരു സംസ്ഥാന മുഖ്യമന്ത്രി ദേശീയ ഭാഷയ്‌ക്കെതിരെ സംസാരിക്കുന്നത് ശരിയല്ലെന്നും ഹിന്ദി അടിച്ചേല്‍പിക്കുന്നു എന്ന വാദം തെറ്റാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ഹിന്ദി പ്രചാരണ ദിവസം അമിത് ഷാ മറ്റെന്താണ് പറയേണ്ടിയിരുന്നത്. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഹിന്ദി നശിക്കട്ടേ എന്ന് പറയണോ? മുഖ്യമന്ത്രിയുടെ നിലപാടില്‍ ബിജെപി അപലപിക്കുന്നു. അമിത് ഷായുടെ പ്രസ്താവനയോടുള്ള പ്രതിഷേധം നിഷേധാത്മകമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Read More: സംഘപരിവാര്‍ പുതിയ സംഘര്‍ഷവേദി തുറക്കുന്നു; അമിത് ഷായ്‌ക്കെതിരെ പിണറായി

ഹിന്ദി ഭാഷാ വിവാദത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായ്ക്കെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തുകയായിരുന്നു. രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടും ഹിന്ദി അജണ്ടയില്‍ നിന്ന് പിന്മാറാന്‍ അമിത് ഷാ തയ്യാറാകാത്തത് ഭാഷയുടെ പേരില്‍ സംഘപരിവാര്‍ പുതിയ സംഘര്‍ഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് പിണറായി കുറ്റപ്പെടുത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയന്‍ അമിത് ഷായെ കുറ്റപ്പെടുത്തിയത്.

രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണ് അമിത് ഷാ നടത്തിയിരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ps sreedharan pillai against pinarayi vijayan on hindi297799