വിവാദ പ്രസംഗത്തിന്റെ പേരിൽ കസബ പൊലീസ് കേസെടുത്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയെ അറസ്റ്റു ചെയ്യാൻ വെല്ലുവിളിച്ച എം ടി രമേഷിന്റെ പ്രസ്താവനയെ തള്ളി പി എസ് ശ്രീധരൻപിള്ള. അറസ്റ്റ് ചെയ്യാൻ വെല്ലുവിളിക്കുന്നത് നേതാക്കളുടെ വികാരപ്രകടനമെന്നാണ് ശ്രീധരൻപിള്ള പറഞ്ഞത്.

ശ്രീധരന്‍ പിള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത കസബ പൊലീസ് സ്റ്റേഷന് മുന്നിലൂടെ ഇന്നു വൈകുന്നേരം ബിജെപിയുടെ രഥയാത്രയുണ്ടെന്നും, സ്റ്റേഷന് മുന്നിലൂടെ തന്നെ ശ്രീധരന്‍ പിള്ള നടന്നു പോകുമെന്നും ധൈര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യൂവെന്നുമായിരുന്നു എം.ടി രമേശിന്റെ വെല്ലുവിളി.

രഥയാത്രയില്‍ പങ്കെടുത്തുകൊണ്ട് വൈകുന്നേരം നാലു മണിക്ക് ശ്രീധരന്‍ പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും കസബ പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്കൊപ്പം നടന്നു നീങ്ങുന്നുണ്ടെന്നും സാധിക്കുമെങ്കില്‍ അറസ്റ്റ് ചെയ്യുവെന്നും പറഞ്ഞ എം.ടി രമേശ്, ബഹുമാനപ്പെട്ട മുഖ്യമന്ത്രി അയ്യപ്പഭക്തരോട് പറഞ്ഞ കാര്യം തന്നെയാണ് തങ്ങള്‍ക്ക് തിരിച്ചു പറാനുള്ളതെന്നും ഇങ്ങനെയുള്ള പിപ്പിരിയും കുത്തലാട്ടവും അയ്യപ്പഭക്തരോട് വേണ്ട എന്നും പറഞ്ഞു.

കോഴിക്കോട് നടന്ന യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമർശം. ശബരിമല ബി.ജെ.പിക്ക് ഒരു സുവര്‍ണാവസരമാണെന്നും തങ്ങളൊരുക്കിയ കെണിയില്‍ ഓരോരുത്തരായി വീണെന്നുമായിരുന്നു പ്രസംഗത്തിനിടയില്‍ ശ്രീധരന്‍പിള്ള പറഞ്ഞത്. ഇതേതുടർന്നാണ് ഐപിസി 505(1)ബി പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കസബ പൊലീസ് ശ്രീധരൻപിള്ളക്കെതിരെ കേസെടുത്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.