ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി വിദ്വേഷമുദ്രാവാക്യം വിളിച്ചത് പിതാവിന്റെ അറിവോടെയാണെന്ന് റിമാൻഡ് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ടിന്റെ തൃപ്പുണിത്തുറ മണ്ഡലം സെക്രട്ടറി സുധീറാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിലെ ഇരുപത്തിയാറാം പ്രതിയാണ് സുധീർ. കുട്ടിയുടെ പിതാവ് ഇരുപത്തിയേഴാം പ്രതിയാണ്.
വിദ്വേഷമുദ്രാവാക്യം വിളിക്കുന്നതിന് പിതാവ് കുട്ടിയെ വിട്ടു നൽകിയെന്നും കുട്ടി വിളിച്ച മുദ്രാവാക്യം പിതാവ് ഏറ്റുവിളിച്ചതായും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന ലംഘിച്ചു എന്നതാണ് പിതാവിനെതിരായ കേസ്.
നേരത്തെ മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ല സ്വയം പഠിച്ചതാണ് എന്നാണ് കുട്ടി മൊഴിനല്കിയിരുന്നത്. സിഎഎ പ്രതിഷേധത്തിന് പോയപ്പോള് പലരു വിളിക്കുന്ന കേട്ട് പഠിച്ച മുദ്രാവാക്യമാണിതെന്നും ശരിയായ അര്ത്ഥമറിയില്ലെന്നുമാണ് കുട്ടി പറഞ്ഞത്.
സുധീറിനൊപ്പം പള്ളുരുത്തി ഡിവിഷൻ പ്രസിഡന്റും കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചിരുന്നു. കുട്ടിയെ മുദ്രാവാക്യം പഠിപ്പിക്കുന്നുള്ള ചുമതല ഇവർക്കായിരുന്നു. പിതാവിന്റെയും സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങൾക്കെതിരെ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചതിനാണ് ആലപ്പുഴ സൗത്ത് പൊലീസ് സ്വമേധയാ കേസ് എടുത്തത്.
ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കെതിരെ പരാമർശം നടത്തിയ ജസ്റ്റിസ് കുഞ്ഞികൃഷ്ണനെതിരെയും പി.സി.ജോർജിന് ജാമ്യം നൽകിയ ജസ്റ്റിസ് ഗോപിനാഥിനെതിരെയുമാണ് യഹിയ തങ്ങൾ അധിക്ഷേപ പരാമർശം നടത്തിയത്. ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം കവി ആയതിനാലാണ് ഇത്തരം പരാമർശങ്ങൾ എന്നായിരുന്നു വിവാദ പ്രസ്താവന. കുട്ടി മുദ്രാവാക്യം വിളിച്ച കേസിൽ ജൂൺ 13 വരെ കോടതി യഹിയ തങ്ങളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
Also Read: വാളുമേന്തി ‘ദുർഗാവാഹിനി’ റാലി നടത്തിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്