തിരുവനന്തപുരം: അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പിആര്‍ ഏജന്റും മഹിളാ മോര്‍ച്ചാ സെക്രട്ടറിയുമായ സ്‌മിത മേനോനെ പങ്കെടുപ്പിച്ചതിനു പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയെന്ന വാർത്തയുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍.

കൈരളി ന്യൂസിലെ മാധ്യമപ്രവര്‍ത്തകനോടായിരുന്നു മന്ത്രിയുടെ പരിഹാസം. നിങ്ങള്‍ കൈരളിയില്‍ നിന്നല്ലേയെന്നും ഇതിനേക്കാള്‍ വലിയ തമാശ വേറെ ഉണ്ടോയെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം

താൻ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് മുരളീധരൻ പറഞ്ഞു. ഐബി അന്വേഷണത്തെ ഉള്‍പ്പെടെയാണോ താങ്കള്‍ സ്വാഗതം ചെയ്യുന്നത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, ‘ആരാണ് ഐബി, നിങ്ങളാണോ’ എന്നായിരുന്നു മുരളീധരന്റെ തിരിച്ചുള്ള ചോദ്യം.

“സുഹൃത്തേ വാര്‍ത്ത നിങ്ങളല്ലേ ഉണ്ടാക്കുന്നത്. ഞാനല്ലല്ലോ വാര്‍ത്ത തരുന്നത്. നിങ്ങളുണ്ടാക്കുന്ന വാര്‍ത്തയെക്കുറിച്ച് നിങ്ങള്‍ എന്നോട് ചോദിക്കുന്നതിനേക്കാള്‍ പരസ്പരം ചോദിക്കുന്നതല്ലേ നല്ലത്,”

താങ്കള്‍ക്കെതിരെ ബിജെപിയില്‍ പടയൊരുക്കമുണ്ടോ എന്ന ചോദ്യത്തിന് ബിജെപിയില്‍ പടയൊരുക്കമുണ്ടെന്നും എന്നാല്‍ അത് സിപിഎമ്മിനെതിരെയാണെന്നുമായിരുന്നു മന്ത്രി മറുപടി നല്‍കിയത്.

“കേരളത്തെ കള്ളക്കടത്തുകാരുടെയും രാജ്യദ്രോഹികളുടെയും കേന്ദ്രമാക്കാനുള്ള സിപിഎം നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ക്കെതിരെ ബിജെപി ശക്തമായ പടയൊരുക്കത്തിലും പ്രക്ഷോഭത്തിലുമാണ്,” മന്ത്രി പറഞ്ഞു.

അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സ്‌മിത മേനോനെ പങ്കെടുപ്പിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

പരിപാടിയില്‍ പങ്കെടുക്കാന്‍ താനല്ല അനുവാദം നല്‍കിയതെന്നായിരുന്നു വിഷയത്തില്‍ മുരളീധരന്‍ ആദ്യം പ്രതികരിച്ചത്. പിന്നീട് സ്‌മിത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെ മുരളീധരന്‍ നിലപാട് മാറ്റുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook