കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യ സ്കിൽ 2018 പരിപാടിയിൽ സ്ഥലം എംഎൽഎയെ അപമാനിച്ചതായി പരാതി. പ്രോട്ടോക്കോൾ ലംഘിച്ച് എംഎൽഎയായ തന്നെ സദസിലിരുത്തിയതിനെതിരെ ഹൈബി ഈഡൻ സ്‌പീക്കർ പി.ശ്രീരാമകൃഷ്ണന് പരാതി നൽകി.

തൊഴിൽ വകുപ്പ് ഡയറക്‌ടർക്കും തൊഴിൽ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിക്കുെ വേദിയിൽ ഇരിപ്പിടം ലഭിച്ചപ്പോഴാണ് എംഎൽഎയെ വെറും കാഴ്‌ചക്കാരനാക്കി സദസിൽ ഇരുത്തിയത്. തൊഴിൽ വകുപ്പും, വകുപ്പിന് കീഴിലെ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും ചേർന്നാണ് ഇന്ത്യ സ്‌കിൽസ് 2018 എന്ന പരിപാടി സംഘടിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനായിരുന്നു ചടങ്ങിന്റെ അദ്ധ്യക്ഷൻ. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് മാനേജിങ് ഡയറക്ടർ കൂടിയായ ശ്രീറാം വെങ്കിട്ടരാമനാണ് സ്ഥലം എംഎൽഎയായ ഹൈബിയെ യോഗത്തിലേക്ക് ക്ഷണിച്ചത്. പ്രോട്ടോക്കോൾ പ്രകാരം ചടങ്ങിൽ മൂന്നാമത്തെ പ്രധാന വ്യക്തി എംഎൽഎയാണ്. തന്നെ കാഴ്‌ചക്കാരനാക്കിയതിൽ പ്രതിഷേധിച്ച് എംഎൽഎ ഉദ്ഘാടന ചടങ്ങ് അവസാനിക്കും മുൻപ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. തൊഴിൽ മന്ത്രിക്ക് പരാതി നൽകിയ ഹൈബി, ഇന്ന് സ്‌പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook