തിരുവനന്തപുരം: കേരള ലോ അക്കാദമിയെ ലൗ അക്കാദമിയാക്കാനാണ് സമരക്കാരുടെ ശ്രമമെന്ന് ലക്ഷ്മി നായർ. കൊന്നാലും രാജിവയ്‌ക്കില്ലെന്നും രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നെങ്കിൽ അതി സി.പി.ഐ.എമ്മിലൂടെ ആയിരിക്കുമെന്നും അവർ മംഗളം ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. കെ.മുരളീധരനും കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി സംഘടനകൾക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ലക്ഷ്‌മി നായർ ഉന്നയിക്കുന്നത്.
“കെ.എസ്.യു നേതാവ് നിഹാൽ, എം.എസ്.എഫ് ലെ അൻസിഫ്, എ.ബി.വി.പി. പ്രവർത്തകനായ ഷിമിത്ത് എന്നിവർക്ക് അനർഹമായ സഹായങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്. ഇവരിപ്പോൾ സമരത്തിന് നേതൃത്വം കൊടുക്കുകയാണ്. കെ.മുരളീധരൻ എം.എൽ.എ യുടെ ശിപാർശ കത്തിൽ നിരവധി പേർക്കാണ് താൻ അഡ്‌മിഷൻ നൽകിയത്.”ലക്ഷ്‌മി നായർ പറഞ്ഞു.
“പ്രിൻസിപ്പൾ ആയതിന് ശേഷം താൻ നടപ്പിലാക്കിയ പല തീരുമാനങ്ങളും വിദ്യാർത്ഥികളിൽ ഒരു വിഭാഗത്തിന് ഇഷ്ടമായിട്ടില്ല. ക്ലാസിൽ കയറാതെ ഹാജർ നൽകില്ല, കാന്പസിനുള്ളിൽ അനാവശ്യമായി കറങ്ങി നടക്കേണ്ട, ക്ലാസ് കഴിഞ്ഞും ക്ലാസ് മുറിയ്‌ക്കുള്ളിൽ ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരിക്കേണ്ടതില്ല തുടങ്ങിയ നിർദ്ദേശങ്ങൾ സദുദ്ദേശപരമായിരുന്നു. സമരക്കാരിൽ ഭൂരിഭാഗവും കാന്പസിൽ നിന്നല്ലാത്തവരാ”ണെന്നും അവർ ആരോപിച്ചു.
“രാഷ്ട്രീയ പാർട്ടിക്കാരുടെ ശിപാർശയിൽ എല്ലാ വർഷവും വിദ്യാർത്ഥികൾക്ക് അഡ്‌മിഷൻ നൽകാറുണ്ട്. ഇത്തവണ മെറിറ്റിന് കൂടുതൽ പ്രാധാന്യം നൽകിയതോടെ പലർക്കും ലഭിച്ചിരുന്ന ആനുകൂല്യം കിട്ടിയില്ല. ഇതായിരിക്കാം ഇവരെല്ലാം ഞങ്ങൾക്കെതിരെ തിരിഞ്ഞത്. അക്കാദമിയിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യം എടുത്തുകളയണമെന്ന ആവശ്യവുമായി മുന്നോട്ട് പോയത് 2012 ലെ യു.ഡി.എഫ് സർക്കാരാണ്. താനാണ് അന്ന് കോടതിയിൽ പോരാടിയത്. ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നത് തെറ്റായ ആരോപണമാണ്” അവർ പറയുന്നു.
അക്കാദമിക മികവുള്ള വിദ്യാർത്ഥികളോട് സാധാരണ എല്ലാ അദ്ധ്യാപകരും കൂടുതൽ അടുപ്പം കാണിക്കാറുണ്ട്. മറ്റൊരു താത്പര്യവും ആരോടും കാണിച്ചിട്ടില്ല. ഇന്റേണൽ മാർക്ക് അതത് അദ്ധ്യാപകർ ഇടുന്നതാണ്. പ്രോഗ്രസ്സ് റിപ്പോർട്ട് കൈയ്യിൽ കിട്ടുന്പോൾ മാത്രമാണ് താൻ ഇതേ പറ്റി അന്വേഷിക്കാറുള്ളത്. ഇന്റേണൽ മാർക്ക് കുറവുള്ളവർക്ക് പരാതി നൽകാൻ എല്ലാ സ്വാതന്ത്ര്യവും കോളേജിലുണ്ടെന്നും അവർ വ്യക്തമാക്കി.