തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ബിജെപി നടത്തിയ സമരം വിജയിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

ജനഹിതവും ദൈവഹിതവും ബിജെപിക്ക് ഒപ്പമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ലോകമെമ്പാടും സംസ്ഥാനത്തെ ബിജെപി നേതാക്കളെ അറിയാന്‍ സമരം അവസരം നല്‍കിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തിലുള്ള അയ്യപ്പഭക്തസംഗമം വൈകിട്ട് പുത്തരിക്കണ്ടത്ത് നടക്കും.

ബിജെപിയുടെ സമരം പൂര്‍ണ വിജയമായിരുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ള പറഞ്ഞത്. ഇതേ തുടര്‍ന്നായിരുന്നു സമരം അവസാനിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. മണ്ഡല കാലം അവസാനിച്ചതിനാലാണ് സമരം നിര്‍ത്തിയതെന്നാണ് ബിജെപി അറിയിച്ചത്. സമരം പൂര്‍ണ വിജയമാണെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനും നേരത്തെ പറഞ്ഞിരുന്നു. ഇത്തരമൊരു സമരം ഇതുവരെ കേരളം കണ്ടിട്ടില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. നിരാഹാര സമരത്തിന് ആദ്യം കിടന്നത് അദ്ദേഹമായിരുന്നു.

സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തിവന്ന നിരാഹാരസമരം ഇന്ന് പത്തരക്ക് അവസാനിപ്പിച്ചു. നിരാഹാരം കിടന്നിരുന്ന പികെ കൃഷ്ണദാസിന് നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ ശബരിമല വിഷയത്തില്‍ സമരം തുടരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിളള പറഞ്ഞു. ശബരിമല നട തുറക്കുന്ന കുംഭം ഒന്നാം തിയതി ഉപവാസ സമരം തുടരുമെന്നും വീടുകള്‍ കയറി പ്രചരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ