കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരം യുവതി പ്രവേശനത്തിനെതിരെയല്ലെന്ന് ആര്‍എസ്എസ്. പ്രാന്ത കാര്യവാഹക് വി ഗോപാലന്‍ കുട്ടിയാണ് ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയത്. സമരത്തിന്റേയും പ്രതിഷേധത്തിന്റേയും അടിസ്ഥാനം യുവതി പ്രവേശിക്കണോ വേണ്ടയോ എന്നതല്ലെന്നും അങ്ങനെയാണ് എല്ലാവരും വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി ന്യൂസിനോടായിരുന്നു ആര്‍എസ്എസ് പ്രാന്തകാര്യവാഹകിന്റെ വെളിപ്പെടുത്തല്‍. ശബരിമലയെ തകര്‍ക്കാനുള്ള നിരീശ്വരവാദികളുടേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഗൂഢപ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനെതിരെയാണ് സമരമെന്നും ഗോപാലന്‍കുട്ടി പറഞ്ഞു.

കോടതി വിധി നടപ്പാക്കാന്‍ ധൃതി കാണിക്കുന്നതിന് മുമ്പ് തന്ത്രിയേയും രാജകുടുംബത്തേയും കണ്ട് ആലോചിക്കണമായിരുന്നുവെന്നും അവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വിധി നടപ്പാക്കേണ്ടതെന്നും ഗോപാലന്‍ കുട്ടി പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെയല്ല തങ്ങളുടെ പ്രതിഷേധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട്, താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍പിള്ള മലക്കം മറിയുകയായിരുന്നു.

അതേസമയം, എട്ട് പേരെ സന്നിധാനത്തു നിന്നും കസ്റ്റഡിയിലെടുത്തു. എട്ട് പേരും ആര്‍എസ്എസ് ബന്ധമുള്ളവര്‍. ബിജെപി സര്‍ക്കുലര്‍ പ്രകാരം സന്നിധാനത്തെത്തിയവരാണെന്ന് പൊലീസ്. ഇവരെ കരുതല്‍ തടങ്കലിനായി പമ്പയിലേക്ക് കൊണ്ടു പോകുന്നു. കൊല്ലം പരവൂര്‍ സ്വദേശികാണ് എട്ട് പേരും.

കരുതല്‍ തടങ്കലിലെടുത്തതില്‍ ബിജെപി എംപി വി മുരളീധരന്‍ പ്രതിഷേധിക്കുന്നു. സന്നിധാനം പൊലീസ് സ്റ്റേഷന് മുന്നിലാണ് പ്രതിഷേധം. കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥനെത്തുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് മുരളീധരന്‍ പറയുന്നത്. ബിജെപി നേതാവ് ജെആര്‍ പത്മകുമാറും ഒപ്പമുണ്ട്.

ശബരിമലയില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ആര്‍എസ്എസ് നേതാവ് ആര്‍.രാജേഷിന് സസ്‌പെഷന്‍. ആരോഗ്യ വകുപ്പാണ് സസ്‌പെന്‍ഡ് ചെയ്തത്. മലയാറ്റൂര്‍ ഫാര്‍മസിയിലെ ജീവനക്കാരനാണ് രാജേഷ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.