/indian-express-malayalam/media/media_files/uploads/2017/04/mahija.jpg)
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരത്ത് ശക്തമായ സമരം. ജിഷ്ണുവിന്റെ അമ്മ മഹിജയും അമ്മാവൻ ശ്രീജിത്തും ആശുപത്രിയിൽ നിരാഹാരം അനുഷ്ഠിക്കുന്നതിനിടെ അച്ഛൻ അശോകനടക്കം കൂടെ പോയവരും ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ല.
ബന്ധുക്കളും നാട്ടുകാരുമടക്കം 14 പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിൽ ഭക്ഷണം കഴിക്കാതെ ഇരിക്കുകയാണ്. അതേസമയം ജിഷ്ണുവിന്റെ ഇളയ സഹോദരി അവിഷ്ണയും നിരാഹാര സമരം പ്രഖ്യാപിച്ചു.
വടകരയിലെ വീട്ടിലുള്ള അവിഷ്ണ, അച്ഛനും അമ്മയും മടങ്ങിവരുന്നത് വരെ ഇനി ഭക്ഷണം കഴിക്കില്ലെന്ന് നിലപാടെടുത്തു. ഇതോടെ ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതിഷേധം 17 പേരുടെ നിരാഹാര സമരത്തിലേക്ക് എത്തിയിരിക്കുകയാണ്.
അതേസമയം സമരം സർക്കാരിനെതിരെയല്ലെന്നും സംസ്ഥാനത്തെ പൊലീസിന് എതിരായാണെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരെ ഇന്ന് രാവിലെ സന്ദർശിച്ച മാധ്യമപ്രവർത്തകരോടാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം അമ്മ മടങ്ങി വരുന്നത് വരെ താനും വീട്ടിൽ നിരാഹാരം അനുഷ്ഠിക്കുമെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ ഇന്ന് പ്രഖ്യാപിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ആശുപത്രിയിൽ നിരാഹാര സമരം തുടരുകയാണ് മഹിജയും സഹോദരൻ ശ്രീജിത്തും ഇപ്പോൾ. ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്നാണ് അവർ പറഞ്ഞു.
"സമരം സർക്കാരിനെതിരെയല്ല. പൊലീസുകാരാണ് അന്വേഷണം നടത്താത്തത്. അവരാണ് കുഴപ്പങ്ങൾ ഉണ്ടാക്കിയത്. സർക്കാരിനെതിരെ സമരം നടത്തേണ്ടതില്ല. പൊലീസിനെതിരായാണ് സമരം" മഹിജ മാധ്യമങ്ങളോട് പറഞ്ഞു.
"ജിഷ്ണു ആഗ്രഹിച്ച സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. അവന് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് പിണറായി വിജയനായിരുന്നു. പൊലീസ് അവനോട് നീതി കാട്ടുന്നില്ല. അതാണ് ഞങ്ങളുടെ പരാതി. എന്നെ ആക്രമിച്ചവർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകും" മഹിജ വ്യക്തമാക്കി.
"ജിഷ്ണുവിന്റെ മരണത്തിൽ കുറ്റക്കാരെ പിടികൂടാത്തത് പൊലീസാണ്. കുറ്റക്കാരെ പിടികൂടണമെന്നാണ് ആവശ്യം. അവരെ പിടികൂടുന്നത് വരെ സമരം ചെയ്യും" അവർ പറഞ്ഞു.
ജിഷ്ണുവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട അവിഷ്ണ, വൈകാരികമായാണ് മാധ്യമങ്ങളോട് സംസാരിച്ചത്. "കഴിഞ്ഞ വിഷു നാളിൽ ജിഷ്ണു കണി കണ്ടത് പിണറായി വിജയന്റെ ചിത്രമായിരുന്നു"വെന്ന് അവിഷ്ണ പറഞ്ഞു. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാതെ പുറകോട്ട് പോകില്ലെന്നാണ് ഇളയ സഹോദരിയായ അവിഷണയുടെയും നിലപാട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിനകത്ത് തന്നെ ചികിത്സയിൽ കഴിയുന്ന ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിനെ കാണാൻ മാധ്യമ പ്രവർത്തകരെ അനുവദിക്കുന്നില്ല. ഇദ്ദേഹമാണ് മാധ്യമങ്ങളെ വിളിച്ചു ചേർത്ത് സംഭവം വിവാദമാക്കിയതെന്ന വാദത്തിലാണ് പൊലീസ്. ജിഷ്ണുവിന്റെ കുടുംബത്തെ രണ്ട് തട്ടിലാക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന സംശയം ഉയർന്നിട്ടുണ്ട്.
ഇന്നലെ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ ഇവരും പൊലീസും തമ്മിൽ പിടിവലി നടന്നിരുന്നു. ഇതേ തുടർന്ന് ഇവർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടയിൽ മഹിജയെ റോഡിലൂടെ വലിച്ചിഴച്ചതായും ആക്ഷേപമുണ്ട്.
നടുവിന് പരിക്കേറ്റതിനെ തുടർന്നാണ് ഇന്നലെ മഹിജയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരനാണ് മഹിജയ്ക്ക് കൂട്ടായി ഇപ്പോൾ ആശുപത്രിയിൽ ഉള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.