scorecardresearch
Latest News

നിയമസഭയിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷ എംഎൽഎമാർ, പ്രതിഷേധങ്ങൾ തള്ളി മുഖ്യമന്ത്രി

ചോദ്യോത്തരവേളയിൽ തന്നെ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു

congress, mla, ie malayalam

തിരുവനന്തപുരം: കറുപ്പ് വസ്ത്രം ധരിച്ച് നിയമസഭയിലെത്തി കോൺഗ്രസിന്റെ യുവ എംഎൽഎമാർ. മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത വസ്ത്രം ധരിച്ചവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് മാത്യു കുഴൽനാടനും ഷാഫി പറമ്പിലും സഭയിലെത്തിയത്. പ്ലക്കാർഡുകളും ബാനറുകളുമായിട്ടാണ് കോൺഗ്രസ് എംഎൽഎമാർ ഇന്ന് സഭയിൽ എത്തിയത്.

ചോദ്യോത്തരവേളയിൽ തന്നെ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു. സമരക്കാർക്കുനേരെയുള്ള പൊലീസ് നടപടിയെ ചൊല്ലിയായിരുന്നു ബഹളം. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ നിർത്തിവച്ചു.

അതേസമയം, ഇന്ധനസെസിനെയും പൊലീസ് നടപടിയെയും മുഖ്യമന്ത്രി ന്യായീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ 13 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയും സെസും വര്‍ധിപ്പിച്ചിട്ടും ഇപ്പോള്‍ പ്രക്ഷോഭം നടത്തുന്നവര്‍ ഇതിനെതിരെ ഒരു തരത്തിലുള്ള പ്രതിഷേധവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്തു ചാടാന്‍ പ്രേരിപ്പിക്കുന്ന രീതിയാണ് സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും നേതൃത്വത്തില്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ജനപിന്തുണയില്ലാത്ത സമരമാണ് കേരളത്തില്‍ നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാരുടെ ആക്രമണത്തില്‍ ആറ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ആക്രമിച്ചവരെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ ഷാഫി പറമ്പില്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചു. പൊലീസ് വാഹനവ്യൂഹത്തിന് മുമ്പിലേക്ക് എടുത്ത് ചാടാന്‍ ശ്രമിച്ച ഒരു യുവതിയടക്കം നാല് യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനത്തിന് മുന്നില്‍ ചാടി ആപത്ത് വരാതിരിക്കാനുള്ള ഇടപെടലാണ് പൊലീസ് നടത്തിയത്. അനിവാര്യമായ നടപടികളാണ് പോലീസിന്റേതെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

അതേസമയം, നിയമസഭയിൽ ഇന്നും മാധ്യമങ്ങൾക്ക് വിലക്കുണ്ട്. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും നിയമസഭയിൽ മാധ്യമക്യാമറകൾക്ക് ഇന്നും വിലക്ക് തുടർന്നു. സഭാ ടിവിയിലും പ്രതിപക്ഷ പ്രതിഷേധം സംപ്രേഷണം ചെയ്തില്ല. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ സംപ്രേഷണം ചെയ്യാത്ത സഭാ ടിവിയുടെ നടപടിക്കെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത് എത്തിയിരുന്നു. സഭാ ടിവി ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയെന്നും സഭാ ടിവി ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ അവരുമായി സഹകരിക്കണമോയെന്നതിൽ പ്രതിപക്ഷത്തിന് പുനരാലോചന നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയെ വീട്ടിലിരുത്തും എന്നു പറഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി.സതീശനോട് പഴയ വിജയനാണെങ്കില്‍ ഇതിനൊക്കെ ഇപ്പോള്‍ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം സുധാകരനോടു ചോദിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. നിങ്ങളൊക്കെ സര്‍വസജ്ജമായി നടന്ന കാലത്ത് താന്‍ ഒറ്റത്തടിയായി പുറത്തിറങ്ങി നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രിയുടെ അതിസുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഒരു ദിവസം പത്രവാര്‍ത്ത കണ്ടു; ബഹുമാന്യനായ പ്രതിപക്ഷ നേതാവ് പറയുകയാണ്, മുഖ്യമന്ത്രി വീട്ടില്‍ത്തന്നെ ഇരിക്കേണ്ടി വരും. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന്. പഴയ വിജയനാണെങ്കില്‍ അപ്പോഴേ ഇതിന് മറുപടി പറഞ്ഞിട്ടുണ്ടാകും. ഇപ്പോള്‍ അതല്ലല്ലോ. ആ മറുപടി അല്ലല്ലോ ഇപ്പോള്‍ ആവശ്യം. ഇതൊന്നുമില്ലാത്ത കാലത്ത് നിങ്ങള്‍ സര്‍വ്വ സജ്ജരായി നിന്ന കാലത്ത് ഞാന്‍ ഒറ്റത്തടിയായി നടന്നുവല്ലോ, സുധാകരനോട് ചോദിച്ചാല്‍ മതി’- എന്നായിരുന്നു പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Protest in niyamasabha congress mlas