കോഴിക്കോട്: മറൈൻഡ്രൈവിൽ ശിവസേന പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം. കോഴിക്കോട് മാനാഞ്ചിറയിലും തിരുവനന്തപുരത്തും പ്രതിഷേധ പരിപാടികൾ നടന്നു.

‘വിലക്കുകളില്ലാത്ത സൗഹൃദത്തിനു കോഴിക്കോടിന്റെ കൂട്ടിരിപ്പ്, സ്വാതന്ത്ര്യത്തിനു കാവലിരിക്കാം, സദാചാര പോലീസിനെതിരേ വരൂ നമുക്ക് മാനാഞ്ചിറയില്‍ ഒന്നിച്ചിരിക്കാം’ എന്ന ആഹ്വാനത്തോടെയായിരുന്നു പ്രതിഷേധം. മാനാഞ്ചിറ സ്‌ക്വയറിലും കിഡ്‌സണ്‍ കോര്‍ണറിലുമായി പാട്ടുപാടിയും ആടിയും നാടകം കളിച്ചും പ്രസംഗിച്ചും ചുംബിച്ചും നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു.

വൈകീട്ട് അഞ്ചരയോടെ മാനാഞ്ചിറ സക്വയറിലാണു വിവിധ മേഖലകളില്‍പ്പെട്ട സമരക്കാര്‍ ഒത്തുകൂടിയത്. പാട്ടുപാടിയും പോസ്റ്റര്‍ എഴുതിയും തുടങ്ങിയ പ്രതിഷേധം പിന്നീട് ചൂരല്‍പ്രയോഗം നടത്തുന്ന ചെറുനാടകത്തിലേക്കു മാറി. ‘ചൂരലിനെതിരേ കൈകോര്‍ക്കാം, സൗഹൃദത്തിനു ലിംഗമില്ല, സൗഹൃദം സദാചാരവിരുദ്ധമല്ല തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പോസ്റ്ററുകളില്‍ നിറഞ്ഞു. തുടര്‍ന്നു സമരക്കാര്‍ മാനാഞ്ചിറ ചുറ്റി കിഡ്്‌സണ്‍ കോര്‍ണറിലേക്കു പ്രകടനമായി നീങ്ങി.

കിഡ്്‌സണ്‍ കോര്‍ണറില്‍ എസ്.കെ. പൊറ്റെക്കാട്ട് പ്രതിമയ്ക്കു മുന്നല്‍ നടന്ന പ്രതിഷേധത്തിലും പാട്ടും ആട്ടവും അരങ്ങേറി. തുടര്‍ന്നു പരസ്പരം ചുംബിച്ചും ആശ്ലേഷിച്ചും പ്രതിഷേധിച്ചു.
കല്‍പ്പറ നാരായണന്‍, സോമശേഖരന്‍, എം.ജെ. മല്ലിക, അനില്‍കുമാര്‍ തിരുവോത്ത്, പി.ടി. ഹരിദാസ്, ഷിംന, കബനി, രജനി, ബിന്ദു തങ്കം കല്യാണി, വിപിന്‍ദാസ് പരപ്പനങ്ങാടി, ബൈജു മേരിക്കുന്ന്, മജനി തിരുവങ്ങൂര്‍, സി. ലാല്‍കിഷോര്‍, ശ്രീജിത്ത് കാഞ്ഞിലശേരി, പ്രത്യുഷ്ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ