തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് രണ്ടാം ദിവസവും സഭയില്‍ പ്രതിപക്ഷ ബഹളം ഉണ്ടായത്. ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളം ശക്തമായതോടെ നിയമസഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിച്ചു.

മധു, സഫീര്‍ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസ് നൽകിയെങ്കിലും സ്പീക്കര്‍ പരിഗണിച്ചില്ല. തുടർന്ന് അംഗങ്ങള്‍ സ്പീക്കറുടെ മുന്നിലെത്തി പ്രതിഷേധിച്ചു. സ്പീക്കറുടെ ഡയസിന് മുന്നിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള സ്പീക്കര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ചോദ്യത്തരവേള റദ്ദാക്കി ശ്രദ്ധ ക്ഷണിക്കലിലേക്ക് കടന്നെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ഇന്നലെയും സഭ പിരിഞ്ഞിരുന്നു.

സഭ നടത്തിക്കൊണ്ടു പോവാനാകാത്ത സാഹചര്യമാണെന്ന് സ്പീക്കർ പറഞ്ഞു. സ്പീക്കര്‍ക്ക് മുന്നില്‍ ബാനര്‍ നിവര്‍ത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തെ സ്പീക്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. ചെയറിന്റെ മുഖം മറച്ചുളള പ്രതിഷേധം മര്യാദയല്ലെന്നും പ്രതിപക്ഷ നേതാവ് മിണ്ടാതിരിക്കുന്നത് ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ