തിരുവനന്തപുരം: സംസ്ഥാനത്ത് കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് തടഞ്ഞ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആളി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ബീഫ് വിളമ്പി പ്രതിഷേധം സംഘടിപ്പിച്ചു.

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് പടിക്കലാണ് ഡിവൈഎഫ്ഐ സംസ്ഥാന തല പ്രതിഷേധം നടത്തിയത്. അഖിലേന്ത്യ പ്രസിഡന്റ മുഹമ്മദ് റിയാസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബീഫ് കഴിച്ചും കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്തും തന്നെ മുന്നോട്ട് പോകുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.

 

സംസ്ഥാന വ്യാപകമായി എസ്എഫ്ഐ യും ബീഫ് വിളമ്പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഓരോ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലടക്കം പ്രധാന കോളേജുകളിലും എസ്എഫ്ഐ പ്രവർത്തകർ ബീഫ് വിളമ്പി.

അതേസമയം കശാപ്പ് വിലക്കിയതിനെതിരെ പോത്തിറച്ചി വെട്ടി തൂക്കി വിറ്റ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. സംസ്ഥാന നേതാവ് സിദ്ധിഖ് പന്താവൂരിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കൊല്ലം ജില്ല കോൺഗ്രസ് കമ്മിറ്റി ചിന്നക്കട ജംഗ്ഷനിൽ ബീഫ് കറി വച്ച് വിതരണം ചെയ്തു. കറി പാർസലാക്കി പ്രധാനമന്ത്രിക്ക് അയക്കുമെന്ന് ജില്ല പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.

സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ കെ.എസ്.യു പ്രവർത്തകരും ബീഫ് പ്രതിഷേധവുമായെത്തിയിരുന്നു. എറണാകുളത്ത് പള്ളിമുക്ക് ജംഗ്ഷനിലെ ബിജെപി ഓഫീസിന് മുന്നിലായിരുന്നു കെ.എസ്.യു ബീഫ് പാകം ചെയ്ത് വിതരണം ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.