തിരുവനന്തപുരം : ദേവസ്വംബോര്‍ഡില്‍ മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കുന്നതിലെ ഭരണഘടനാപരമായ പാളിച്ചകൂടി ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

ഡിസംബർ 15ന് സെക്രട്ടറിയേറ്റ് പടിക്കൽ ബഹുജന സമര പ്രഖ്യാപിക്കുമെന്ന് ഇതിനായി രൂപീകരിച്ച സാമുദായിക സംവരണ സംരക്ഷണ മുന്നണി അറിയിച്ചു. ദേവസ്വം ബോർഡിൽ സവർണ്ണ സമുദായങ്ങൾക്ക് 10 ശതമാനം സംവരണം നൽകുവാനുള്ള ഇടതുപക്ഷ സർക്കാർ നീക്കം ഭരണഘടനാ വിരുദ്ധമാണ് എന്ന് നവംബർ 24 ന് കേരള സാഹിത്യ അക്കാദമിയിൽ ചേർന്ന യോഗം വിലയിരുത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 15ന് സെക്രട്ടറിയേറ്റ് പടിക്കൽ ബഹുജന സമര പ്രഖ്യാപനം നടത്തുവാനും തീരുമാനിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

ഡിസംബർ 15 ലെ സമര പ്രഖ്യാപനത്തിന് ശേഷം സർക്കാർ തീരുമാനം പിൻവലിക്കുന്നവരെ അനിശ്ചിതകാല സമരം നടത്തുവാനും തീരുമാനമായി. ഡിസംബർ 15 ലെ സമരം ഏകോപിക്കുന്നതിന് താത്ക്കാലികമായി പതിനൊന്ന് അംഗ കോഡിനേറ്റേഴ്സിനെ തെരഞ്ഞെടുത്തു. ഡിസംബർ 3ന് വൈകിട്ട് എറണാകുളം ശിക്ഷക് സദനിൽ വിപുലീകരണ യോഗം കൂടുവാനും തീരുമാനമുണ്ടായി.

എം ഗീതാനന്ദൻ ( ഭൂ അധികാര സംരക്ഷണ സമിതി ), സണ്ണി എം കപിക്കാട്, ( ഭൂ അധികാര സംരക്ഷണ സമിതി ), പി എം വിനോദ് ( കെ പി എം എസ് ), സന്തോഷ് ടി എൽ ( ആർ എം പി ഐ ), കെ അംബുജാക്ഷൻ ( വെൽഫയർ പാർട്ടി ), ജി ഗോമതി ( പെൺമ്പിളൈ ഒരുമൈ ), എം കെ ദാസൻ ( സി പി ഐ എം എൽ ( റെഡ് സ്റ്റാർ ), മണികണ്ഠൻ കാട്ടാമ്പള്ളി (DEPA), ഐ ഗോപിനാഥ് ( മനുഷ്യാവകാശ പ്രവർത്തകൻ ), ഡോ. സതീഷ് കുമാർ ( കെ ഡി പി ), കെ. സന്തോഷ് കുമാർ ( ഭൂ അധികാര സംരക്ഷണ സമിതി ), സാമുദായിക സംവരണ സംരക്ഷണ മുന്നണി എന്നിവരാണ് കോര്‍ഡിനേറ്റേഴ്സ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ