പാലക്കാട്: എകെജിക്കെതിരായ വിവാദ പരാമർശം നടത്തിയ തൃത്താല എംഎൽഎ വി.ടി.ബൽറാമിന് നേരെ ചീമുട്ടയേറ്. മണ്ഡലത്തിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിന് എത്തിയപ്പോഴാണ് ബൽറാമിന് നേരെ സിപിഎം പ്രവർത്തർ ചീമുട്ട എറിഞ്ഞത്. സ്ഥലത്ത് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ബൽറാമിനെതിരെയുളള ആക്രമണത്തിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ നാളെ ഹർത്താൽ ആചരിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

തൃത്താലയിലെ കൂറ്റനാട് എന്ന സ്ഥലത്ത് വച്ചാണ് സംഘർഷം ഉണ്ടായത്. ബൽറാം എത്തുമെന്ന് അറിഞ്ഞ് പ്രദേശത്ത് സിപിഎം പ്രവർത്തകർ തടിച്ച് കൂടിയിരുന്നു. എംഎൽഎ എത്തിയതോടെ സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ബൽറാമിന് നേരെ തിരിയുകയായിരുന്നു. എന്നാൽ ഈ നീക്കം പൊലീസ് തടഞ്ഞതോടെ സിപിഎം പ്രവർത്തകർ ബൽറാമിന് നേരെ ചീമുട്ട എറിയുകയായിരുന്നു.

പിന്നാലെ പൊലീസ് ലാത്തി വീശിയതോടെ പ്രവർത്തകർ എംഎൽഎയ്ക്ക് നേരെ കല്ലേറ് നടത്തി. ഇതിനിടെ കോൺഗ്രസ് പ്രവർത്തകരും പൊലീസും എംഎൽഎയ്ക്ക് സംരക്ഷണം നൽകി. തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് ബൽറാം സ്ഥലം വിട്ടത്. സിപിഎം പ്രവർത്തകരുടെ കല്ലേറിൽ​ എംഎൽഎയുടെ വാഹനത്തിന്റെ ചില്ല് തകർന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.