പാലാ: പാലാ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയില്‍ നാടകീയ രംഗങ്ങള്‍. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പി.ജെ.ജോസഫും വേദിയിലെത്തി. ജോസ് കെ.മാണിയും വേദിയിലുണ്ടായിരുന്നു. പി.ജെ.ജോസഫ് പ്രസംഗിക്കാന്‍ എത്തിയപ്പോഴാണ് കണ്‍വെന്‍ഷന്‍ വേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

പി.ജെ.ജോസഫിനെ കൂവലോടെയാണ് സദസിലുള്ള പലരും എതിരേറ്റത്. ജോസഫിനെതിരെ ‘ഗോബാക്ക്’ വിളികളും ഉയര്‍ന്നു. ഇതിനെല്ലാം ഇടയിലും ജോസഫ് പ്രസംഗം തുടര്‍ന്നു. ജോസ് കെ.മാണിക്ക് ജയ് വിളിച്ചും ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തി. ഇതോടെ പി.ജെ.ജോസഫിനെതിരെയുള്ള കൂവലുകളും വര്‍ധിച്ചു.

ജോസ് കെ.മാണിയുമായുള്ള അഭിപ്രായ ഭിന്നത ഉടന്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പി.ജെ.ജോസഫ് പറഞ്ഞപ്പോള്‍ എല്ലാവരും കയ്യടിച്ചു. യുഡിഎഫ് എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം താന്‍ നില്‍ക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ വിജയത്തിനായി പ്രചാരണം നടത്തുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. ഇത് പറഞ്ഞപ്പോള്‍ സദസിലുള്ള നേതാക്കള്‍ എല്ലാം കയ്യടിച്ചു. എന്നാല്‍, ഭാവമാറ്റങ്ങളില്ലാതെ ഇതെല്ലാം കേട്ടിരിക്കുക മാത്രമാണ് ജോസ് കെ.മാണി ചെയ്തത്. ‘പ്രസംഗം ദീര്‍ഘിപ്പിക്കുന്നില്ല’ എന്ന ജോസഫ് പറഞ്ഞതും കണ്‍വെന്‍ഷനില്‍ കൂടിയിരുന്ന പലരും ‘വേണ്ട’ എന്ന് ഓളിയിട്ടു. ഒടുവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മികച്ച വിജയം നേടട്ടെ എന്ന് ആശംസിച്ചുകൊണ്ട് ജോസഫ് പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.

Read Also: കാടത്തം മിണ്ടാപ്രാണിയോട്; നില്‍ഗായിയെ ജീവനോടെ കുഴിച്ചുമൂടുന്ന വീഡിയോ

പി.ജെ.ജോസഫ് മുന്‍ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് ജോസ് കെ.മാണിയും യുഡിഎഫും ചേര്‍ന്ന് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്ക് ഔദ്യോഗിക ചിഹ്നമായ രണ്ടില നഷ്ടമായത്. ജോസ് ടോം പുലിക്കുന്നേല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ടി വരും. കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി എന്ന നിലയില്‍ ജോസ് ടോം നല്‍കിയ പത്രിക വരണാധികാരി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയിലായിരിക്കും ജോസ് ടോം മത്സരിക്കുക.

താന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാണെന്നും മാണി സാറിന്റെ മുഖമാണ് ചിഹ്നമെന്നും ജോസ് ടോം പറഞ്ഞു. യുഡിഎഫ് പറയുന്ന ഏത് ചിഹ്നത്തിലും മത്സരിക്കാൻ തയ്യാറാണെന്നും രണ്ടില നഷ്ടപ്പെട്ടതിൽ ആശങ്കയില്ലെന്നും വരണാധികാരിയുടെ തീരുമാനത്തിന് പിന്നാലെ ജോസ് ടോം പറഞ്ഞു.

Read Also: ജോസഫിന്റെ കളികള്‍; ജോസ് ടോമിന് രണ്ടില ചിഹ്നമില്ല, സ്വതന്ത്രന്‍

പി.ജെ.ജോസഫ് വിഭാഗത്തിന് ആശ്വാസമായ തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന നിലപാടിൽ ജോസഫ് ഉറച്ചുനിന്നതോടെയാണ് ജോസ് കെ.മാണി വിഭാഗത്തിന് തിരിച്ചടിയായത്. ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത തീരുമാനം ഇടുക്കി മുൻസിഫ് കോടതി സ്റ്റേ ചെയ്ത കാര്യം പി.ജെ.ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ, തന്നെ വർക്കിങ് ചെയർമാനായ താനാണ് കേരളാ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടതും രണ്ടില ചിഹ്നം അനുവദിക്കേണ്ടതും എന്ന് വരണാധികാരിക്ക് ജോസഫ് കത്ത് നൽകിയിരുന്നു.

വർക്കിങ് ചെയർമാൻ എന്ന നിലയിൽ താൻ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും കേരളാ കോൺഗ്രസ് എമ്മിന് ഔദ്യോഗിക സ്ഥാനാർഥിയില്ലെന്നുമാണ് ജോസഫ് വ്യക്തമാക്കുന്നത്. രണ്ടില ചിഹ്നം അനുവദിക്കാൻ സാധിക്കില്ലെന്ന നിലപാട് നേരത്തെ തന്നെ ജോസഫ് പരസ്യമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.