തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ചരിത്ര കോൺഗ്രസ് വേദിയിൽ വൻ പ്രതിഷേധം ഉയർന്നത് സുരക്ഷ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. ചുരുക്കത്തിൽ സർക്കാർ സ്പോൺസേർഡ് സമരമാണ് കണ്ണൂരിൽ നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗവർണർക്ക് സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന് അറിയാമെന്നും എം.ടി.രമേശ് പറഞ്ഞു.
“ഗവർണർ കണ്ണൂരിലെത്തിയപ്പോൾ മുതൽ പ്രതിഷേധം ഉണ്ടായി. അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. രാഷ്ട്രപതി നിയമിച്ചതാണ് ഗവർണറെ. അദ്ദേഹത്തിന് സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ, സുരക്ഷയൊരുക്കാൻ കേന്ദ്രം ഇടപെടും. അത്തരമൊരു സാഹചര്യത്തിലേക്ക് പോകണമെന്ന് ഞങ്ങൾക്ക് ആഗ്രഹമില്ല,” എംടി രമേശ് പറഞ്ഞു.
Also Read: പൗരത്വഭേദഗതിയെ അനുകൂലിച്ച് പ്രസംഗം; ഗവര്‍ണര്‍ക്കെതിരെ ചരിത്രകോണ്‍ഗ്രസില്‍ പ്രതിഷേധം
സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയായി ഗവർണറെ മാറ്റാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണെന്നും അത് അനുവദിക്കാനാവില്ലെന്നും എം.ടി. രമേശ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണം. സുരക്ഷാ വീഴ്ചയിൽ പൊലീസുകാർക്കെതിരെയും അറസ്റ്റ് തടഞ്ഞ ജനപ്രതിനിധികൾ അടക്കമുള്ളവർക്കെതിരെയും നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചരിത്ര കോൺഗ്രസ് ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കവെയാണു ഗവർണർക്കെതിരെ പ്രതിനിധികളും വിദ്യാര്‍ഥികളും പ്രതിഷേധിച്ചത്. ചരിത്രകാരൻമാരായ ഇർഫാൻ ഹബീബ്, എംജിഎസ് നാരായണൻ ഉൾപ്പടെയുള്ളവർ സദസ്സിലുണ്ടായിരുന്നു. ഇതിനിടെയായിരുന്നു പ്രതിഷേധം.പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സിപിഎം നേതാക്കൾ ഉൾപ്പടെയുള്ളരും സംഘാടകരും ഇടപെട്ട് തടഞ്ഞു. ഗവർണർ പ്രസംഗം പൂർത്തിയാക്കി മടങ്ങിയ ശേഷം പ്രതിഷേധം തുടർന്ന നാല് പ്രതിനിധികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read: കെഎസ്ആർടിസി പുനരുദ്ധാരണത്തിന് ത്രികക്ഷി കരാർ; പ്രതിസന്ധി പരിഹരിക്കാൻ സാമ്പത്തിക പാക്കേജ്
പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങളെ രൂക്ഷമായി വിമർശിച്ചായിരുന്നു ഗവർണറുടെ പ്രസംഗം. പ്രതിഷേധം അക്രമാസക്തമാകരുത്, സമാധാനപരമാകണമെന്നും ഈ വിഷയത്തിൽ എപ്പോൾ വേണമെങ്കിലും സംവാദം നടത്താൻ തയാറാണെന്നും ഗവർണർ പറഞ്ഞു.
ഇപ്പോൾ തന്നെ സംവാദം നടത്താമെന്ന് പറഞ്ഞുകൊണ്ട് പരിപാടിയിൽ പങ്കെടുത്ത ചരിത്രകാരന്മാരും വിദ്യാർഥികളും എഴുന്നേൽക്കുകയും ‘പൗരത്വ നിയമഭേദഗതിയും എൻആർസിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് ഗവർണർക്കെതിരെ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് പ്രതിനിധികളെയും വിദ്യാർഥികളെയും പുറത്തേക്കു കൊണ്ടുപോയി. ഇവരെ കസ്റ്റഡിയിലെടുക്കാൻ നീക്കമുണ്ടായെങ്കിലും സംഘാടകർ തടഞ്ഞു.