കൊച്ചി: നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന അഞ്ചുനാട് വില്ലേജിലെ മരം മുറി തടയണമെന്നാവശ്യപ്പെട്ട മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും ദേവികുളം സബ് കളക്ടറുടെയും കോലം കത്തിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് വട്ടവട പഞ്ചായത്ത് പ്രസിഡന്റും സിപിഎം പ്രാദേശിക നേതാവുമായ പി രാമരാജിന്റെ നേതൃത്വത്തില്‍ കോവിലൂര്‍ ടൗണില്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മിയുടെയും ദേവികുളം സബ് കളക്ടര്‍ രേണു രാജിന്റെയും കോലം കത്തിച്ചത്. സര്‍ക്കാര്‍ തീരുമാനം വനംവകുപ്പും ദേവികുളം സബ് കളക്ടറും ചേര്‍ന്ന് അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് കോലം കത്തിച്ചത്. വട്ടവട പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് കോലം കത്തിക്കലിനു നേതൃത്വം നല്‍കിയത്. മരം മുറിക്കല്‍ തടഞ്ഞ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനും ദേവികുളം സബ് കളക്ടര്‍ക്കുമെതിരേ കൂടുതല്‍ സമരങ്ങളുമായി സിപിഎം പ്രാദേശിക നേതൃത്വം വരുംനാളുകളില്‍ രംഗത്തെത്തുമെന്നാണ് വിവരം.

ഇക്കഴിഞ്ഞ ഫെബ്രുവരി 11-നാണ് നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന അഞ്ചുനാട് മേഖലയിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി വേണു വീണ്ടും ഉത്തരവിറക്കിയത്. അഞ്ചുനാട് മേഖലയിലെ മരങ്ങള്‍ പിഴുതു മാറ്റുന്നതിനു പകരം മുറിച്ചുനീക്കുകയാണ് വേണ്ടതെന്നും മരം മുറി നിരോധനം പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറിയുടെ ഉത്തരവു പുറത്തുവന്നത്. ഉത്തരവു പുറത്തുവന്നതിനു പിന്നാലെ മേഖലയില്‍ വന്‍തോതില്‍ മരം മുറിക്കാനുള്ള നീക്കങ്ങളും സജീവമായിരുന്നു. എന്നാല്‍ ഈ നീക്കത്തിനു തടയിട്ട് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി രംഗത്തെത്തി.

ഫെബ്രുവരി 25-ന് മരം മുറി തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ടു വാര്‍ഡന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്കു കത്തു നല്‍കി. അഞ്ചുനാട് വില്ലേജിലെ വിവിധ പ്രദേശങ്ങള്‍ നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണെന്നും നീലക്കുറിഞ്ഞി സങ്കേതത്തിന്റെ സെറ്റില്‍മെന്റു നടപടികള്‍ക്കായി സ്പെഷ്യല്‍ ഓഫീസറെ നിയമിച്ച് രേഖ പരിശോധന ഉള്‍പ്പടെ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സെറ്റില്‍മെന്റു നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ മരംമുറിക്കുന്നതു തടയണമെന്നുമായിരുന്നു കത്തിലെ ആവശ്യം. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കത്തു ലഭിച്ചതിനു പിറ്റേന്നു തന്നെ ദേവികുളം സബ് കളക്ടര്‍ രേണുരാജ് മരം മുറി തടയാന്‍ സാധ്യതയുണ്ടന്നും ഇതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി മൂന്നാര്‍ ഡിവൈഎസ്പിക്കു കത്തുനല്‍കി. മാര്‍ച്ച് നാലിന് വട്ടവടയ്ക്കു സമീപമുള്ള ചിലന്തിയാറില്‍ വന്‍തോതില്‍ മരംമുറിക്കാന്‍ സാധ്യതയുണ്ടെന്നും ഇതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും സബ് കക്ടറുടെ കത്തില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമിയിലെ മരം സംരക്ഷിക്കാന്‍ ഫെബ്രുവരി 27 മുതല്‍ പോലീസ് പട്രോളിംഗ് നടത്തണമെന്നും ആരെങ്കിലും മരം മുറിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദേവികുളം സബ് കളക്ടര്‍ ആവശ്യപ്പെട്ടു.

Read more: അഞ്ചുനാട് വില്ലേജിലെ മരം മുറിക്കാനുളള റവന്യൂ വകുപ്പിന്റെ ഉത്തരവിനെതിരെ വനംവകുപ്പ് രംഗത്ത്

ഇതിനു പിന്നാലെയാണ് സബ് കളക്ടര്‍ക്കും വാര്‍ഡനുമെതിരേ പ്രത്യക്ഷ സമരവുമായി സിപിഎം പ്രാദേശിക നേതൃത്വം തന്നെ രംഗത്തെത്തിയത്. ദേവികുളം സബ് കളക്ടര്‍ക്കെതിരേ എസ് രാജേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലുള്ള വിവാദം കെട്ടടങ്ങുന്നതിനു മുമ്പാണ് സിപിഎം പ്രാദേശിക നേതൃത്വം സബ് കളക്ടര്‍ക്കും വാര്‍ഡനുമെതിരേ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.