കൊച്ചി: വല്ലാർപാടം കളമശ്ശേരി കണ്ടെയ്നർ ടെർമിനലിലേക്കുളള പാതയിൽ ടോൾ പിരിവ് നീട്ടിവെയ്ക്കും. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ടോൾ പിരിവ് ഇന്ന് ആരംഭിക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയത്. എന്നാൽ കണ്ടെയ്നർ ലോറികൾക്കെങ്കിലും ടോൾ പിരിക്കാനുള്ള ശ്രമത്തിലാണ് ദേശീയ പാത അതോറിറ്റി.
ഇന്നലെയാണ് കളമശേരിയിൽ നിന്നും വല്ലാർപാടത്തേക്കുളള ദേശീയപാതയിൽ ടോൾ പിരിക്കാനുളള വിജ്ഞാപനം ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ ഇറക്കിയത്. പൊന്നാരിമംഗലത്താണ് ടോൾ പിരിക്കാനുളള പ്ലാസ നിർമ്മിച്ചിരിക്കുന്നത്. ദേശീയ പാതാ 966എ ആണ് ഈ പാത. 15 കിലോമീറ്ററിലേറെ നീളമുണ്ട്.
റോഡിന്റെ നിർമ്മാണത്തിന് വേണ്ടി 909 കോടി രൂപയാണ് ചിലവഴിച്ചത്. നിർമ്മാണ ചിലവിന്റെ 40 ശതമാനം (400 കോടി) എങ്കിലും ടോൾ പിരിവിലൂടെ കണ്ടെത്താനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്.
നേരത്തെ 2015 ലാണ് മുൻപ് ടോൾ പിരിക്കാനുളള നീക്കം ദേശീയപാത അതോറിറ്റി നടത്തിയത്. എന്നാൽ അന്നും പ്രദേശവാസികൾ സമരവുമായി രംഗത്ത് വരികയും മുളവുകാട് ജനകീയ വികസന സമിതി ഹർത്താൽ അടക്കം നടത്തുകയും ചെയ്തിരുന്നു. പിന്നീട് ടോൾ പിരിവ് നീട്ടിവെയ്ക്കുകയായിരുന്നു. സർവീസ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം മാത്രമേ ടോൾ പിരിവ് തുടങ്ങാൻ അനുവധിക്കൂ എന്ന നിലപാടിലാണ് നാട്ടുകാർ.