/indian-express-malayalam/media/media_files/uploads/2022/06/Pinarayi-.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതിക്കായി പൊലീസ് ഇന്ന് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് അനുഭാവിയായ സുനിത് നാരായണൻ അറസ്റ്റിലായ ഫർസീൻ മജീദിന്റെ സുഹൃത്താണ്. പ്രതിഷേധത്തിന്റെ വീഡിയോ പകർത്തിയ ഇയാൾ മറ്റു രണ്ട് പേരെയും വിമാനത്താവളത്തിൽ പിടിച്ചു വച്ചപ്പോൾ യാത്രക്കാർക്കൊപ്പം രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്.
മൂന്ന് ദിവസം കഴിഞ്ഞിട്ടും സുനിതിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്. സുനിതിന്റെ വീട്ടിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തിയെങ്കിലും എവിടെയാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റെഷനുകൾ തുടങ്ങി പ്രധാന ഇടങ്ങളിലെല്ലാം ലുക്കൗട്ട് നോട്ടീസ് നൽകും.
അതേസമയം, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചതായാണ് വിവരം. കേസിലെ ഗൂഢാലോചന ഉൾപ്പെടെ കണ്ടുപിടിക്കാനാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.
ഇതിനിടെ കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ജൂഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ആയിരുന്നു കേസ് ഇന്നലെ പരിഗണിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും പ്രിൻസിപ്പൽ സെഷൻസ് കൂടിയാകും പരിഗണിക്കുക.
Also Read: കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.