scorecardresearch
Latest News

വിമാനത്തിലെ പ്രതിഷേധം: ‘കേരളം ബനാന റിപ്പബ്ലിക്കായി’; ജാമ്യത്തിന് ശേഷം ശബരിനാഥന്‍

ശബരീനാഥന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കുന്നതിനിടെ അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു

വിമാനത്തിലെ പ്രതിഷേധം: ‘കേരളം ബനാന റിപ്പബ്ലിക്കായി’; ജാമ്യത്തിന് ശേഷം ശബരിനാഥന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. വഞ്ചിയൂര്‍ കോടതിയുടേതാണ് ഉത്തരവ്.

അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, മൊബൈല്‍ ഫോണ്‍ ഹാജരാക്കണം, 50,000 രൂപ കെട്ടിവയ്ക്കണം, എന്നീ മൂന്ന് ഉപാധികളോടെയാണ് ജാമ്യം.

കേരളം ബനാന റിപ്പബ്ലിക്കായെന്നായിരുന്നു ജാമ്യം ലഭിച്ചതിന് ശേഷം ശബരിനാഥന്റെ ആദ്യ പ്രതികരണം. തന്റെ അറസ്റ്റിന് പിന്നിലെ മാസ്റ്റര്‍ മൈന്‍‍ഡ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആണെന്നും ശബരിനാഥന്‍ ആരോപിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി ഭീരുവാണെന്ന് മുന്‍ എംഎല്‍എ ആവര്‍ത്തിച്ചു.

ഇന്ന് രാവിലെയാണ് ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധം ആസൂത്രണം ചെയ്തത് ശബരീനാഥനാണെന്ന് സൂചിപ്പിക്കുന്ന വാട്സ്ആപ്പ് സ്ക്രീൻഷോട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് ശംഖുമുഖം അസിസ്റ്റന്റ കമ്മീഷണര്‍ക്ക് മുന്നിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അതിനു പിന്നാലെയാണ് അറസ്റ്റ്.

ശബരീനാഥന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കുന്നതിനിടെ അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് വാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് അഭിഭാഷകൻ അറിയിച്ചത്.

അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. അറസ്റ്റ് തല്‍ക്കാലം വേണ്ടെന്ന് പറഞ്ഞിരുന്നതാണല്ലോയെന്നും കോടതി ചോദിച്ചു. കേസ് കോടതി അൽപസമയത്തിനകം പരിഗണിക്കും.

അതേസമയം, ശബരീനാഥന്റെ അറസ്റ്റ് ഉന്നതഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. സർക്കാർ വൈരാഗ്യ ബുദ്ധിയോടെ പ്രവർത്തിക്കുകയാണ്. അധികാരവും പൊലീസും ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ഇ പി ജയരാജനെതിരെ നടപടിയെടുക്കാത്തത് ഇരട്ടനീതിയാണെന്നും സതീശൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ചോദ്യം ചെയ്യലിന് ഹാജരാകും മുൻപ് ശബരീനാഥന്‍ പറഞ്ഞിരുന്നു. പ്രതിഷേധത്തിനുശേഷം വിവരം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെയാണ് പ്രതിഷേധിച്ചത്. ജനാധിപത്യ മര്യാദ പാലിച്ചായിരുന്നു സമരമെന്നും മുഖ്യമന്ത്രിയെ വധിക്കാൻ കേസെടുത്ത് ഭീരുത്വമാണെന്നും ശബരീനാഥൻ പറഞ്ഞു.

വളരെ ആസൂത്രിതമായാണ് ഇത്തരമൊരു സംഭവം വിമാനത്തില്‍വെച്ച് നടത്തുവാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ പദ്ധതിയിട്ടതെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പ് ഉപയോഗിച്ചാണ് അക്രമപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുള്ളതെന്നും ഒരു മുന്‍ എം എല്‍ എ കൂടിയായ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹി സിഎം ഫ്‌ളൈറ്റില്‍ വരുന്നുണ്ട്. രണ്ടുപേര്‍ ഫ്‌ളൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍… എന്തായാലും ഫ്‌ളൈറ്റില്‍ നിന്നും പുറത്തിറക്കാന്‍ കഴിയില്ലല്ലോ എന്ന് ആഹ്വാനം ചെയ്യുകയും തുടര്‍ന്ന് ഒരാള്‍ക്ക് 13,000 രൂപയോളം ചാര്‍ജ്ജു വരുന്ന ടിക്കറ്റ് മൂന്നു പേര്‍ക്കുവേണ്ടി സ്‌പോണ്‍സറെ നിശ്ചയിച്ച് സംഘടിപ്പിക്കുകയും ചെയ്യുകയായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിമാനയാത്രക്കാര്‍ക്കു വേണ്ടി പൊതുവിലും മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ചുകൊണ്ട് അക്രമം നടത്താനുള്ള ലക്ഷ്യത്തോടുകൂടി അക്രമികള്‍ വിമാനത്തില്‍ കയറുകയായിരുന്നു.

വിമാനയാത്രക്കിടയില്‍ ആസൂത്രിതമായി അക്രമികളെ വിമാനത്തില്‍ കയറ്റിയാല്‍, എത്ര സെക്യൂരിറ്റിയുള്ള ആളായാലും അവരെ അപകടപ്പെടുത്താന്‍ ശ്രമിച്ചാല്‍, വിമാന ജീവനക്കാര്‍ക്ക് അത് പ്രതിരോധിക്കാന്‍ യാതൊരു സംവിധാനവും നിലവിലില്ല. അതാണ് ഇത്തരമൊരു ആഹ്വാനത്തിന് പിന്നിൽ. ജനാധിപത്യ സംവിധാനത്തിനകത്തു പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും ഇത്തരമൊരു ഭീകരപ്രവര്‍ത്തനം ആസൂത്രണം ചെയ്യുക പതിവില്ല. പദ്ധതി ആസൂത്രണം ചെയ്ത യൂത്ത് കോണ്‍ഗ്രസും അതിനെ ന്യായീകരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വവും ജനാധിപത്യ സംവിധാനങ്ങളെയാകെ അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂത്ത് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കമാണ് വാട്സ്ആപ്പ് ചാറ്റ് പുറത്തുവരാൻ കാരണമെന്നാണ് വിവരം. മുഖ്യമന്ത്രി കണ്ണൂർക്ക് വിമാനത്തിൽ വരുന്നുണ്ടെന്നതടക്കമുള്ള വിവരങ്ങളാണ് ശബരീനാഥ് ഗ്രൂപ്പിൽ പങ്കുവച്ചത്. വിമാനത്തിനുള്ളിൽ കരിങ്കൊടി കാണിക്കാനുള്ള ആശയവും ശബരീനാഥ്‌ നൽകുന്നത് ചാറ്റിലുണ്ടായിരുന്നു.

അതേസമയം, ശബരീനാഥന്റെ അറസ്റ്റിന് പിന്നാലെ ശംഖുമുഖം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ അടക്കമുള്ളവർ പൊലീസ് സ്റ്റേഷന് മുന്നിലുണ്ട്. പിണറായി വിജയൻറെ ഭീരുത്വമാണിതെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Protest against cm pinarayi vijayan in flight ks sabarinathan arrested