കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ചെന്ന കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. ഒന്നും രണ്ടും പ്രതികളായ ഫർസീൻ മജീദ്, ആർ. കെ. നവീൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയുടെ പരിഗണനക്കെത്തിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഹർജിക്കാർ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്ന് ഹർജിയിൽ പറയുന്നു. വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കൾക്ക് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിച്ച ഇ. പി. ജയരാജൻ്റ മർദനത്തിൽ പരുക്കേറ്റു. ഗൂഡാലോചന, വധശ്രമം, വ്യോമയാന നിയമങ്ങളുടെ ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
വിമാന ജീവനക്കാരുടെ നിർദേശം വകവെക്കാതെ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു. മൂന്നാം പ്രതി മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നൊക്കെയാണ് കേസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്.
ഹർജിക്കാർക്കതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതും ദുരുദ്ദേശത്തോടെയുള്ളതുമാണ്. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷമാണ് യുവാക്കൾ മുദ്രാവാക്യം വിളിച്ചത്. ഇ.പി.ജയരാജൻ യുവാക്കളെ ബലമായി തള്ളിയിടുകയും മർദിക്കുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ അംഗരക്ഷകരും മർദിച്ചു. യുവാക്കൾക്ക് മർദനമേറ്റതായി എയർപോർട്ട് ഡയറക്ടറുടേയും റിമാൻഡ് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.
എന്നാൽ ജയരാജനും അംഗരക്ഷകർക്കും എതിരെ കേസില്ല. യുവാക്കൾ വിമാനത്തിൻ്റെ ഏറ്റവും പുറകിലും മുഖ്യമന്ത്രി വിമാനത്തിൻ്റെ വാതിലിനടുത്തുമാണ് ഇരുന്നത്. അംഗരക്ഷകർ മുഖ്യമന്ത്രിയുടെ അടുത്താണ് ഇരുന്നത്. ഒരു സാഹചര്യത്തിലും മുഖ്യമന്ത്രിയെ ആക്രമിക്കാൻ കഴിയുമായിരുന്നില്ല. ഹർജിക്കാർ വ്യോമയാന നിയമങ്ങൾ ഒരു തരത്തിലും ലംഘിച്ചിട്ടില്ല. ആരോപിക്കപ്പെടുന്ന പോലെയുള്ള ആക്രമണം വിമാനത്തിൽ ഉണ്ടായിട്ടില്ല. ആരോപണങ്ങൾ കെട്ടിച്ചമച്ചതും വസ്തുതാവിരുദ്ധവുമാണ്.
ജയരാജനെതിരെ കേസെടുക്കാത്ത പൊലീസ് രാഷ്ട്രീയ മേലാളന്മാരെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് നേരെ വധശ്രമം നടനന്നെന്ന ആരോപണം പൊലീസ് കെട്ടിച്ചമച്ചതാണ്. രാഷ്ടീയ മേലാളന്മാര്‍ക്ക് വേണ്ടി പൊലീസ് അധികാര ദുർവിനിയോഗം നടത്തുകയാണ്. കേസന്വേഷണവുമായി സഹകരിക്കുമെന്നും വ്യവസ്ഥകൾ അംഗീകരിക്കാമെന്നും ജാമ്യം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
Also Read: ബലാത്സംഗക്കേസ്: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി