തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായതിനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിന്റെ നേത്വത്തിൽ ആറംഗ സംഘമാണ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദർവേഷ് സാഹിബിനാണ് അന്വേഷണ മേൽനോട്ട ചുമതല.
അതിനിടെ, വിമാനത്തിൽ പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളെ 27 വരെ കോടതി റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരെയാണു റിമാൻഡ് ചെയ്തത്.
ഇവർക്കെതിരെ വധശ്രമത്തിനാണു കേസെടുത്തത്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പിഎയും ഗൺമാനുമാണു പരാതി നൽകിയത്. അറസ്റ്റിലായവർക്കൊപ്പമുണ്ടായിരുന്ന സുനിത് കുമാറിനെ പിടികൂടാൻ കഴിഞ്ഞില്ല. ഇയാളാണ് പ്രതിഷേധത്തിന്റെ വീഡിയോ ഷൂട്ട് ചെയ്തത്.
മൂന്ന് പേർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിൽ ഉള്ളത്. രാഷ്ട്രീയവൈരാഗ്യത്താൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്ഐആർ. ഇൻഡിഗോയുടെ 6ഇ 7407 നമ്പർ വിമാനത്തിൽ കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്കുവന്ന മുഖ്യമന്ത്രിക്ക് നേരെ പ്രതികള്‍ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു.
വിമാത്തിലെ ക്രൂ അംഗങ്ങളുടെ നിയമപരമായ നിർദേശങ്ങൾ പാലിക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയുമാണ് സീറ്റ് നമ്പർ 20എ യിലെ യാത്രക്കാരായ പ്രതികൾ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തത്. ‘നിന്നെ ഞങ്ങള്‍ വച്ചേക്കില്ല’ എന്ന് ആക്രോശിച്ചു കൊണ്ടാണ് മുഖ്യമന്ത്രിക്കു നേരെ വാന്നതെന്നാണ് എഫ്ഐആറിൽ.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെ പരാതിയിലാണ് വലിയതുറ പൊലീസ് കേസെടുത്തത്. രണ്ടു പ്രതികൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പൊലീസ് കാവലിൽ ചികിത്സയിൽ കഴിയുകയാണ്.
അറസ്റ്റിലായതിന് പിന്നാലെ മട്ടന്നൂര്‍ എ.യു.പി. സ്‌കൂളിലെ അധ്യാപകനായ ഫര്‍സീന്‍ മജീദിനെ സ്‌കൂളിൽ നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. 15 ദിവസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. തിങ്കളാഴ്ച രാവിലെ സ്‌കൂളിൽ എത്തിയ ഇയാൾ ഉച്ചയ്ക്ക് ശേഷം ലീവെടുത്താണ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത്. സ്‌കൂളിലെത്തി പരിശോധന നടത്തിയ ഡി.ഡി.ഇ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്നാണ് മാനേജ്‍മെന്റ് സസ്‌പെൻഡ് ചെയ്തത്.
അതേസമയം, ഇവർ മദ്യപിച്ചിരുന്നില്ലെന്നാണ് വൈദ്യപരിശോധന റിപ്പോർട്ട്. വിമാനത്താവളത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ഡോക്ടറോ, മെഡിക്കൽ കോളേജിൽ നടത്തിയ വിശദപരിശോധനയിലോ പ്രതികൾ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ല. ഇതോടെ എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്. പ്രതികൾ മദ്യപിച്ചു ലക്കുകെട്ടാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ എത്തിയത് എന്നായിരുന്നു ജയരാജന്റെ ആരോപണം.
തിങ്കളാഴ്ച വൈകിട്ട് കണ്ണുരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പ്രതിഷേധിച്ചു മുന്നോട്ടുനീങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കു നേരെ വിമാനത്തിലുണ്ടായിരുന്ന എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വരുന്നതും ഇവരെ തള്ളിമാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.
വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചതിനു പിന്നാലെ ഇന്നലെ രാത്രി തിരുവനന്തപുരത്ത് ഉൾപ്പെടെ സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങൾ അരങ്ങേറി. കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രമമുണ്ടായി. വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. കോഴിക്കോട് പേരാമ്പ്ര കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറുണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് കേരള പൊലീസ്.
അതേസമയം, കെപിസിസി ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി അറിയിച്ചു.
Also Read: വിമാനത്തിലെ പ്രതിഷേധം ആസൂത്രിതമെന്നു മുഖ്യമന്ത്രി; കെ പി പി സി ആസ്ഥാനത്തിനുനേരെ കല്ലേറ്