കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കേരളത്തിലും അലയടിക്കുന്നു. ഡിസംബര്‍ 23 ന് എറണാകുളത്ത് ലോങ് മാര്‍ച്ച് സംഘടിപ്പിക്കും. പൗരത്വ ഭേദഗതി നിയമത്തോടും പൗരത്വ രജിസ്റ്ററിനോടും വിയോജിപ്പ് രേഖപ്പെടുത്തിയാണ് ലോങ് മാര്‍ച്ച്. ഡിസംബര്‍ 23 ന് (തിങ്കളാഴ്‌ച) രണ്ട് മണിക്ക് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് ഷിപ്പ് യാര്‍ഡിലേക്കാണ് ലോങ് മാര്‍ച്ച്. സമൂഹമാധ്യമങ്ങളിലൂടെ ഇതിനായി ക്യാംപയിന്‍ ആരംഭിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകരും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ലോങ് മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനു പുറമേ സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സാംസ്കാരിക പ്രവർത്തകരും വിദ്യാർത്ഥികളും ബഹുജനങ്ങളും “ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്” എന്ന പേരിൽ എറണാകുളം രാജേന്ദ്രമൈതാനിയിൽ നിന്നും ഫോർട്ടുകൊച്ചി വരെ തിങ്കളാഴ്ച പദയാത്ര നടത്തുന്നുണ്ട്. ഡിസംബർ 23 ന് മൂന്നു മണിക്ക് ആരംഭിക്കുന്ന യാത്ര ഫോർട്ടുകൊച്ചി വാസ്കോ സ്ക്വയറിൽ എത്തിച്ചേരുകയും അവിടെ വെച്ചു നടക്കുന്ന പൊതുപരിപാടിയിൽ “ഊരാളി”യ്ക്കും മറ്റു കലാസംഘങ്ങൾക്കുമൊപ്പം നമ്മൾ ആബാലവൃദ്ധം ജനങ്ങൾ അവരുടെ പാട്ടിനും മുദ്രാവാക്യത്തിനും നൃത്തത്തിനും അഭിനയത്തിനും ഒപ്പം ഒത്തുചേരുമെന്ന് കലക്ടീവ്​ ഫേസ് വൺ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

Read Also: Horoscope Today December 21, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ പ്രതിഷേധം തുടരുകയാണ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. കേരളത്തിലെ മാധ്യമപ്രവർത്തകരെ മംഗളൂരുവിൽ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ ഇന്നലെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടന്നിരുന്നു.

Read Also: മകള്‍ക്കൊപ്പം പ്രിയങ്ക ഗാന്ധി ഇന്ത്യാ ഗേറ്റിലെത്തി; അണമുറിയാത്ത പ്രതിഷേധം

അതേസമയം, പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയ്ക്ക് എതിരായ ഒരു കാര്യവും സംസ്ഥാനത്ത് നടക്കില്ലെന്നും പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ദേശീയ ജനസംഖ്യ രജിസ്റ്റർ നടപടികൾ കേരളം മരവിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. ദേശീയ പൗരത്വ രജിസ്റ്ററുമായി ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദേശീയ ജനസംഖ്യ രജിസ്റ്റർ നടപടികൾ നിർത്തിവച്ചിരിക്കുന്നതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.