കൊച്ചി: ബിന്ദു അമ്മിണിക്കെതിരെ കൊച്ചിയില്‍ പ്രതിഷേധം. കൊച്ചി കമ്മിഷണര്‍ ഓഫീസിനു പുറത്താണ് ബിന്ദുവിനെതിരെ പ്രതിഷേധം നടന്നത്. ബിന്ദു അമ്മിണി ശബരിമലയിലേക്ക് പോകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് കൊച്ചിയില്‍വച്ച് ബിന്ദുവിനെതിരെ പ്രതിഷേധമുണ്ടായത്. ബിജെപി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാരില്‍ ഒരാള്‍ തന്റെ മുഖത്തേക്ക് മുളകുപൊടി സ്‌പ്ര‌േ ചെയ്തതായി ബിന്ദു അമ്മിണി ആരോപിച്ചു. മുഖത്ത് മുളകുപൊടി എറിഞ്ഞ ആളെ ബിന്ദു തന്നെ പൊലീസിന് ചൂണ്ടിക്കാട്ടുകയും ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ജി.രാജഗോപാൽ പ്രതിഷേധക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിന്ദുവിനെതിരെ പ്രതിഷേധം നടന്നത്.

Read Also: Horoscope Today November 26, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ശബരിമല ദർശനത്തിനായി ഭൂമാതാ ബ്രിഗേഡ് സ്ഥാപക തൃപ്തി ദേശായി ഇന്ന് പുലർച്ചയോടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഭൂമാതാ ബ്രിഗേഡിലെ അഞ്ച് നേതാക്കളും സംഘത്തിലുണ്ടെന്നാണ് റിപ്പോർട്ട്. ഇവർക്കൊപ്പമാണ് ബിന്ദു അമ്മിണിയും ശബരിമല ദർശനത്തിന് പോകുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നത്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ലെന്നും ഇത്തവണ ശബരിമല ദർശനം നടത്തുമെന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് കത്തയച്ചിട്ടുണ്ടെന്ന് തൃപ്തി ദേശായി പറഞ്ഞു. കോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഇല്ലെങ്കിൽ അത് കോടതിയലക്ഷ്യമാകുമെന്നും തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു.

Read Also: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തിലെത്തി

നിലവിൽ ശബരിമലയിലെ സ്ഥിതി ശാന്തമാണ്. നിരവധി ഭക്തജനങ്ങളാണ് ശബരിമല ദർശനത്തിനായി മണ്ഡലകാലം ആരംഭിച്ചതു മുതൽ ശബരിമലയിൽ എത്തുന്നത്. എന്നാൽ, യുവതീ പ്രവേശനത്തിനുള്ള സാധ്യത തെളിഞ്ഞാൽ വിശ്വാസികൾ എങ്ങനെ പ്രതികരിക്കുമെന്നത് വരും മണിക്കൂറുകളിൽ വ്യക്തമാകും. കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തൃപ്തി ദേശായിയെയും സംഘത്തെയും തിരിച്ചയക്കാനാകും പൊലീസ് ശ്രമിക്കുക. എന്നാൽ, ദർശനം നടത്തിയ ശേഷമേ മടങ്ങൂ എന്നാണ് തൃപ്തിയുടെ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.