തിരുവനന്തപുരം: അതിരപ്പിളളിക്ക് പിന്നാലെ മൂന്നാർ വിഷയത്തിലും സി പി എമ്മിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തു വന്നു. ദേവികുളം സബ് കലക്‌റെ മാറ്റാനുളള സി പി എം സമരത്തെയാണ് കാനം വിമർശിച്ചത്. കഴിഞ്ഞ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മൂന്നാർ കൈയ്യേറ്റമൊഴിപ്പിക്കലിനെതിരെ ഭരണമുന്നണിയിൽ നിന്നു തന്നെ പരസ്യമായി രംഗത്തുവന്ന സി പി ഐ​ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്.
സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന സബ് കലക്‌ടറെ സംരക്ഷിക്കാനുളള ഉത്തരവാദിത്വം സർക്കാരിനാണെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഒരു ഉദ്യോഗസ്ഥനെ സംബന്ധിച്ച് പ്രത്യേക നിലപാട് വേണമെന്ന ഒരു പാർട്ടിക്കോ സർക്കാരിനോ പറയാൻ പറ്റില്ല. കർശന നിലപാട് എടുക്കുന്ന ദേവികുളം സബ് കലക്‌ടറെ സംരക്ഷിക്കേണ്ടത് സർക്കാർ തന്നെയാണ് കാനം ആവർത്തിച്ചു.

ReadMore:മൂന്നാർ സിപിഐയെ തിരിഞ്ഞുകൊത്തുന്നു, ദേവികുളം സബ് കലക്‌ടർക്കെതിരെ പാർട്ടികളുടെ പടയൊരുക്കം

ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നടപടികള്‍ക്കെതിരായി ഭരണകക്ഷിയായ സിപിഎമ്മും പോഷക സംഘടനകളും ദേവികുളം ആര്‍ടിഒ ഓഫിസിനു മുന്നില്‍ രണ്ടാഴ്ചയായി സമരം നടത്തുകയാണ്. സി പി ഐയുടെ കീഴിലുളള റവന്യൂ വകുപ്പിന്റെ കീഴിലാണ് സബ് കലക്‌ടർ. അതുകൊണ്ട് തന്നെ ഭരണമുന്നണിയിലെ ഒന്നാം കക്ഷിയായ സി പി എം രണ്ടാംകക്ഷിയായ സി പി ഐയുടെ വകുപ്പിന് എതിരെ നടത്തുന്ന സമരമെന്ന നിലയിലും രാഷ്ട്രീയ ശ്രദ്ധയും ഈ സമരത്തിന് ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ചയായിട്ടും രണ്ടുപാർട്ടികളുടെയും സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമമാക്കിയിരുന്നില്ല. ഇന്ന് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കാനം രാജേന്ദ്രൻ സി പി ഐ നിലപാട് വ്യക്തമാക്കിയത്.
ദേവികുളം സബ് കലക്ടര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍മാണ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും അത് ജനദ്രോഹ നടപടികളാണെന്നും അത് തുടരുന്ന സബ് കലക്ടറെ മാറ്റണമെന്നുമാവശ്യപ്പെട്ടാണ് സി പി എമ്മിന്റെ പോഷക സംഘടനകൾ സമരം ആരംഭിച്ചത്.​എന്നാൽ പരിഹരിച്ച വിഷയങ്ങളുടെ പുറത്താണ് സി പി എമ്മിന്റെ സമരമെന്നും ഇത് ഇവിടുത്തെ കൈയേറ്റമാഫിയെയും റിസോർട്ട് മാഫിയയെയും സഹായിക്കാൻ മാത്രമേ ഉതകുകയുളളൂവെന്നും പേരുവെളിപ്പെടുത്താൻ വിസമ്മതിച്ച സി പി ഐ​ ജില്ലാ നേതാവ് അഭിപ്രായപ്പെട്ടു.

മറയൂരിലെ അഞ്ചുനാട് ഉള്‍പ്പെടുന്ന മേഖലകളില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുളള നിയന്ത്രണം പിന്‍വലിക്കുക, വീടു നിര്‍മാണത്തിനുള്ള നിരാക്ഷേപ സാക്ഷ്യപത്രം (എന്‍ഒസി) നല്‍കുന്നതിനുള്ള തടസം ഒഴിവാക്കുക നിര്‍മാണ നിയന്ത്രണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് തങ്ങളുടെ സമരമെന്നാണ് സിപിഎം നിലപാട്. സബ് കലക്ടര്‍ മൂന്നാറിലെ ടൂറിസം മേഖലയെ തകര്‍ക്കുകയാണെന്നും മൂന്നാറിലെ ജീവനോപാധിയായ ടൂറിസം ഇല്ലാതാക്കാനാണ് സബ് കലക്ടറുടെ നീക്കമെന്നുമാണ് സിപിഎമ്മിന്റെ വാദം. സബ് കലക്ടറുടെ നിലപാടുകള്‍ മാറ്റുന്നതുവരെ സമരം തുടരുമെന്നും സിപിഎം നേതാക്കൾ പറയുന്നു എന്നാല്‍ സമരം തുടങ്ങുന്നതിനു മുന്‍പു തന്നെ അഞ്ചുനാട് മേഖലയിലെ കൈവശാവകാശ രേഖ നല്‍കുന്നതു പുനരാരംഭിച്ചെന്നും വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് 130 എന്‍ഒസി അപേക്ഷകള്‍ ലഭിച്ചതില്‍ 122 എണ്ണവും പാസാക്കി നല്‍കിക്കഴിഞ്ഞതായുമാണ് സബ് കലക്ടര്‍ നല്‍കുന്ന വിശദീകരണം. ജില്ലാ കലക്ടറും കോടതിയും പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് മൂന്നാറില്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജില്ലാ കലക്ടറുടെ അനുമതി ഇല്ലാതെ നിര്‍മാണം തുടര്‍ന്ന 110 റിസോര്‍ട്ടുകള്‍ക്കാണ് സബ് കലക്ടര്‍ സ്‌റ്റോപ് മെമ്മോ നല്‍കിയിരുന്നു. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ഭൂമിയിൽ നടത്തിയ കൈയേറ്റങ്ങള്‍ പൊളിച്ചു നീക്കുന്നുമുണ്ട്. നൂറോളം അനധികൃത കൈയേറ്റങ്ങള്‍ സമീപകാലത്തു തന്നെ പൊളിച്ചുനീക്കിയിരുന്നു. പള്ളിവാസലില്‍ കെഎസ്ഇബി വക ഭൂമി വന്‍തോതില്‍ ഭൂ മാഫിയ കൈയേറിയിട്ടുണ്ടെന്നും ഈ ഭൂമിയില്‍ മുപ്പതോളം അനധികൃത റിസോര്‍ട്ടുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും അടിയന്തര നടപടിയെടുക്കണെമന്നും ജനുവരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.