തിരുവനന്തപുരം: മീസിൽസ്-റൂബെല്ല രോഗങ്ങൾക്കെതിരെയുള്ള കുത്തിവെപ്പിനെതിരെയുള്ള പ്രചരണം നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഏത് വാക്സിൻ വന്നാലും ഇത്തരത്തിൽ കുപ്രചരണം ഉണ്ടാകുന്നതായി കാണുന്നു. ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് ചിലർ വിമർശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവംബർ 3 വരെയുള്ള ഒരു മാസത്തെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം വിജയിപ്പിക്കേണ്ടതുണ്ട്. 9മാസം മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കാണ് എം.ആർ പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. എഴുപത്തിയാറ് ലക്ഷത്തി പതിമൂവായിരത്തി അറുന്നൂറ്റി രണ്ട് കുട്ടികളാണ് ഇതിൽപ്പെടുന്നത്.

2020ഓടെ മീസിൽസ് നിർമാർജനം ചെയ്യുന്നതിനും റൂബെല്ല/ സിആർഎസ് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. നാളെയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുഞ്ഞുങ്ങളെ ഈ രണ്ട് മാരക രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള മഹാദൗത്യമായി ഇതിനെ കാണണം. വാക്സിനേഷൻ നൽകാൻ സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. വാക്സിനേഷൻ ക്യാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ