/indian-express-malayalam/media/media_files/uploads/2017/12/sabarimala-temple759.jpg)
പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. ഡിസംബർ 16 വരെ നിരോധനാജ്ഞ തുടരും. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലെ നിരോധനാജ്ഞയാകും തുടരുക. പൊലീസിന്റെയും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
ഏഴ് ദിവസത്തേക്കായിരുന്നു ആദ്യം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നിരോധനാജ്ഞ ഘട്ടം ഘട്ടമായി നീട്ടുകയായിരുന്നു.
അതേസമയം ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കുറയ്ക്കണമെന്ന് കേരള ഹൈക്കോടതി. ശബരിമലയിലും വാവര് നടയിലും ഉൾപ്പടെ ബാരിക്കേഡുകൾ നീക്കം ചെയ്യാൻ കോടതി നിർദ്ദേശിച്ചു. കോടതി നിയോഗിച്ച നിരീക്ഷക സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപ്പെടൽ.
വാവര് നട, മഹാകാണിക്ക, ലോവർ തിരുമുറ്റം, വലിയ നടപ്പന്തൽ അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് അടക്കമുള്ള മുഴുവൻ നിയന്ത്രണങ്ങളും നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ശരംകുത്തിയില്‍ രാത്രി തീര്‍ത്ഥാടകരെ തടയരുതെന്നും ശബരിമലയിലും രാത്രി 11 മണിക്ക് ശേഷം തീർത്ഥാടകരെ തടയരുതെന്നും കോടതി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.